ജമ്മു: ചെനാബ് പാലത്തിലൂടെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കുതിച്ച് വന്ദേഭാരത് എക്സ്പ്രസ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമാണ് ചെനാബ് പാലം. ചെനാബ് പാലത്തിലൂടെയും ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേപാലമായ അൻജി പാലത്തിലൂടെയുമാണ് നൂറുകിലോമീറ്റർ വേഗതയിൽ വന്ദേഭാരത് സർവീസ് നടത്തിയത്.
ജമ്മു റെയിൽവേ ഡിവിഷന് കീഴിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-ബനിഹാൾ സെക്ഷനിൽ അനുവദനീയമായ പരമാവധി വേഗത നൂറുകിലോമീറ്ററായി ഉയർത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച വന്ദേഭാരത് എക്സ്പ്രസ് 100 കിലോമീറ്റർ വേഗത്തിൽ വിജയകരമായി സർവീസ് നടത്തിയത്. ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണിത്.
111 കിലോമീറ്റർ നീളത്തിലുള്ള കത്ര-ബനിഹാൾ സെക്ഷനിൽ മണിക്കൂറിൽ 75 കിലോമീറ്ററായിരുന്നു ഇതുവരെ അനുവദിച്ചിരുന്ന പരമാവധി വേഗത. ഇതാണ് നൂറുകിലോമീറ്ററിലേക്ക് വർധിപ്പിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വേഗത വർധിപ്പിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളെല്ലാം റെയിൽവേ പൂർത്തിയാക്കിയിരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായി വിലയിരുത്തിയതിന് പിന്നാലെയാണ് റെയിൽവേ മന്ത്രാലയം വേഗം വർധിപ്പിക്കാൻ അനുമതി നൽകിയത്.