തിരുവനന്തപുരം: മ്യൂസിയം പൊലിസ് സ്റ്റേഷനിൽ ഒപ്പിടാനെത്തി പൊലിസുകാർക്കൊപ്പം ഊഞ്ഞാലാടിയും ചെണ്ട കൊട്ടിയും ഓണം ആഘോഷിച്ച സംഭവത്തിൽ ഇഡി കേസ് പ്രതികൾക്ക് ആശ്വാസം.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) ടാനിയ മറിയം ജോസിന്റേതാണ് ഉത്തരവ്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിടാനെത്തിയ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കേസിലെ 16-ാം പ്രതിയുമായ ഐ.പി. ബിനു, ഒന്നാം പ്രതി നിധിൻ രാജ് എന്നിവരാണ് പൊലിസുകാർക്കൊപ്പം ഓണം ആഘോഷിച്ചത്.
ഇവർ ഊഞ്ഞാലാടുന്നതിന്റെയും ചെണ്ട കൊട്ടുന്നതിന്റെയും റീൽസുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഓണാഘോഷത്തിന്റെ പ്രധാന വിനോദമായ ഊഞ്ഞാലാടിയതു തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്നതു കേവലം ആരോപണം മാത്രമാണെന്നും ഇതിനു തക്കതായ തെളിവുകൾ ഹാജരാക്കാൻ പൊലിസിനു കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
യാതൊരു തെളിവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് സമർപ്പിച്ച ഹർജി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രതിഭാഗത്തിന്റെ ഈ വാദങ്ങൾ മുഖവിലയ്ക്കെടുത്താണ് പ്രോസിക്യൂഷൻ ഹർജി തള്ളാൻ കോടതി തയാറായത്.