ന്യൂയോർക്ക്: ഫൊക്കാന സംഘടിപ്പിക്കുന്ന "മെഗാ ചെണ്ട - പാഞ്ചരി മേളം ഗിന്നസ് വേൾഡ് റിക്കാർഡ് അറ്റംപ്റ്റ്' എന്ന മഹത്തായ സാംസ്കാരിക ദൗത്യത്തിന്റെ ഓൺലൈൻ മീറ്റിംഗ് ആവേശകരമായ പങ്കാളിത്തത്തോടെയും സജീവ ചർച്ചകളോടെയും നടന്നു.
കേരളത്തിന്റെ അഭിമാനവും പദ്മശ്രീ ജേതാവുമായ മട്ടന്നൂർ ശങ്കരൻകുട്ടി സന്നിഹിതനായ ഈ മീറ്റിംഗിൽ വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 37 ചെണ്ട ആശാൻമാർ പങ്കെടുത്തു.
ചെണ്ടമേളത്തിന്റെ തനിമയും കേരളീയ പാരമ്പര്യത്തിന്റെ ആത്മാവും ഒരു തരി പോലും നഷ്ടപ്പെടാതെ, ഗിന്നസ് ലോക റിക്കാർഡിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ സംരംഭം എങ്ങനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താമെന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

പഞ്ചാരിമേളത്തിന്റെ ഘടന, ചെണ്ട സംഘങ്ങളുടെ കോമ്പിനേഷൻ, വേഷധാരണം, ഏകോപിത പരിശീലനം, സാമ്പിൾ വീഡിയോ തയാറാക്കൽ, വിവിധ പ്രദേശങ്ങളിലായി പരിശീലനം എങ്ങനെ കാര്യക്ഷമമായി വ്യാപിപ്പിക്കാം തുടങ്ങിയ വിഷയങ്ങളിൽ ആശാൻമാർ വിലപ്പെട്ട നിർദേശങ്ങളും സംശയനിവാരണങ്ങളും പങ്കുവച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കായ കൽഹാരി റിസോർട്ടിൽ ഫൊക്കാന ഇന്റർനാഷണൽ ഫാമിലി കൺവൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് ഓഗസ്റ്റ് എട്ടിന് വൈകുന്നേരം മൂന്നിന് ഈ ഗിന്നസ് ലോക റിക്കാർഡ് ശ്രമം അരങ്ങേറും.

ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന ഈ അവസരം നോർത്ത് അമേരിക്കൻ മലയാളികൾ വിനിയോഗിക്കണം. കൂടുതൽ ചെണ്ട കലാകാരന്മാരെയും ആസ്വാദകരെയും ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുകയാണ് എന്ന് സംഘാടകർ അഭ്യർഥിച്ചു.
മികച്ച ഏകോപനത്തിനും നിലവാരമുള്ള പരിശീലനത്തിനുമായി രൂപീകരിച്ച ടീമിലേക്ക് എല്ലാവരും ചേർന്ന് പ്രവർത്തിക്കണമെന്ന് അപേക്ഷിക്കുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
Tags : Fokana chenda pancharimelam world record