മണ്ണിനെയും കൃഷിയെയും സ്വന്തം പ്രാണനോളം സ്നേഹിക്കുകയും പാരമ്പര്യ നെൽവിത്തുകളെ ജീവനെപ്പോലെ കാത്തുസൂക്ഷിക്കുകയുംചെയ്ത പദ്മശ്രീ ചെറുവയൽ രാമേട്ടന്റെ വിയോഗവാർത്ത അറിഞ്ഞ നിമിഷം മുതൽ മനസിലൊരു മരവിപ്പാണ്. മണ്ണിന്റെ മണമുള്ള ആ മനുഷ്യൻ ഇനി നമുക്കിടയിലില്ലെന്ന സത്യം എളുപ്പത്തിൽ ഉൾക്കൊള്ളാനാകുന്നില്ല.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്നറിഞ്ഞപ്പോൾ, അവിടത്തെ ഡോക്ടർമാരുമായി ആലോചിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കുശേഷം പൂർണ ആരോഗ്യവാനായി രാമേട്ടൻ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളാവുകയും ഒടുവിൽ വിയോഗവാർത്ത ഞെട്ടലോടെ കേൾക്കേണ്ടിവരികയും ചെയ്തു.
പച്ചപ്പിനെ സ്നേഹിച്ച, വിത്തുകളിൽ നാളെയുടെ പ്രതീക്ഷകൾ സൂക്ഷിച്ച, പ്രകൃതിയെ സ്വന്തം ജീവിതംകൊണ്ട് ചേർത്തുപിടിച്ച ഒരു മനുഷ്യൻകൂടി ഓർമകളിലേക്ക് മടങ്ങുകയാണ്. കർഷകരുടെയും കർഷകപ്രസ്ഥാനങ്ങളുടെയും അഭിമാനമായിരുന്ന ചെറുവയൽ രാമേട്ടന്റെ വിയോഗം ഒരു വ്യക്തിയുടെ വേർപാടു മാത്രമല്ല. മണ്ണിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന നഷ്ടമാണത്.
വിത്തുസൂക്ഷിപ്പുകാരൻ
1952 ജൂൺ ആറിന് ജനിച്ച തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ, കമ്മന നവോദയ എൽപി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പത്താമത്തെ വയസിലാണ് കാർഷികമേഖലയിലേക്ക് പൂർണമായി കടന്നുവരുന്നത്. അന്നുമുതൽ ജീവിതാവസാനം വരെ കൃഷിയെ ഹൃദയത്തോടുചേർത്തുപിടിച്ച് മണ്ണിലിറങ്ങി അധ്വാനിച്ചു. 45ലേറെ തദ്ദേശീയ നെൽവിത്തിനങ്ങളെ വംശനാശത്തിൽനിന്ന് സംരക്ഷിച്ചു നിർത്തിയതിലൂടെയാണ് അദ്ദേഹം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. പതിറ്റാണ്ടുകളായി പൂർണമായും ജൈവരീതിയിലായിരുന്നു അദ്ദേഹത്തിന്റെ കൃഷി. നെൽവിത്തുകൾക്കു പുറമേ പാരമ്പര്യ പച്ചക്കറികൾ, ഔഷധസസ്യങ്ങൾ, വിവിധയിനം വൃക്ഷങ്ങൾ എന്നിവയും അദ്ദേഹം തന്റെ തോട്ടത്തിൽ സംരക്ഷിച്ചുപോന്നു.
രാമേട്ടന് കൃഷി കേവലമൊരു ഉപജീവനമാർഗമായിരുന്നില്ല. പ്രകൃതിയോടും മണ്ണിനോടും വരുംതലമുറയോടുമുള്ള കടപ്പാടിന്റെ മഹത്തായ ആവിഷ്കാരമായിരുന്നു അത്. മറ്റുള്ളവർക്ക് കൃഷി ഒരു തൊഴിലായിരുന്നെങ്കിൽ രാമേട്ടന് അതൊരു ജീവിതദർശനമായിരുന്നു. മറ്റുള്ളവർ വിത്തിൽ ഒരു വിളവിന്റെ സാധ്യത കണ്ടപ്പോൾ അദ്ദേഹം അതിൽ തലമുറകളുടെ പൈതൃകവും മനുഷ്യരാശിയുടെ ഭാവിയും കണ്ടു.
ലാളിത്യത്തിന്റെ മുഖം
രാമേട്ടനുമായി ദീർഘകാലത്തെ വ്യക്തിബന്ധമാണുള്ളത്. അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് ആദ്യം കടന്നുവരുന്നത് വലിയ വേദികളിൽ ആദരവുകൾ ഏറ്റുവാങ്ങി നിൽക്കുന്ന രൂപമല്ല. മറിച്ച്, ലാളിത്യവും സ്നേഹവും നിറഞ്ഞ നന്മയുടെ മുഖമാണ്. കാണുമ്പോഴെല്ലാം വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഉച്ചഭക്ഷണപ്പൊതിയുമായി എത്തുന്ന രാമേട്ടൻ ഇന്നും മനസിലുണ്ട്. ആ ഭക്ഷണപ്പൊതിയിൽപ്പോലും അദ്ദേഹത്തിന്റെ ജീവിതത്തിലെ ലാളിത്യവും മണ്ണിനോടുള്ള അടുപ്പവും സ്നേഹത്തിന്റെ ഊഷ്മളതയും നിറഞ്ഞുനിന്നിരുന്നു.
ആരോടും അനായാസം സൗഹൃദം സ്ഥാപിക്കാനും കണ്ടുമുട്ടുന്നവരുടെ ഹൃദയത്തിൽ ഇടംനേടാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. വലിയ അംഗീകാരങ്ങൾ തേടിപ്പോകാത്ത, എന്നാൽ തന്റെ ജീവിതംകൊണ്ട് വലിയ അംഗീകാരങ്ങൾക്ക് അർഹനായ മനുഷ്യൻ. അദ്ദേഹത്തെക്കുറിച്ച് ഓർത്തെടുക്കാൻ എത്രയോ അനുഭവങ്ങളുണ്ട്. പറഞ്ഞുതീർക്കാനാകാത്തത്ര ഓർമകൾ.
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും വയനാട്ടിലെ എസ്കെഎംജെ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ദേശീയപതാകയെ സാക്ഷിനിർത്തി നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ അതിഥിയായി എത്തുന്ന രാമേട്ടന്റെ ചിത്രം ഇന്നും ഓർമകളിൽനിന്ന് മായുന്നില്ല.
നാടിന്റെ പാട്ടും പൈതൃകവും
നാടൻപാട്ടുകളും ആദിവാസി ഊരുകളുടെ തനിമയാർന്ന പാട്ടുകളും ഹൃദയത്തിൽ സൂക്ഷിച്ച മനുഷ്യനായിരുന്നു രാമേട്ടൻ. പാട്ടിന്റെ താളത്തിനൊപ്പം ആടിയും പാടിയും ആസ്വാദകരുടെ മനസ് കീഴടക്കുന്ന അദ്ദേഹത്തിന്റെ രൂപം ആരെയും ആകർഷിക്കുന്നതായിരുന്നു. പ്രകൃതിയോടുള്ള സ്നേഹവും നാടിന്റെ പാരമ്പര്യത്തോടുള്ള ആദരവും ജീവിതത്തിന്റെ ലാളിത്യവും ആ പാട്ടുകളിലും ചിരിയിലും നിറഞ്ഞുനിന്നു.
അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് വലിയ കാര്യങ്ങൾ ചെയ്യാൻ വലിയ സൗകര്യങ്ങളോ വലിയ പദവികളോ ആവശ്യമില്ലെന്ന സത്യമാണ്. സ്വന്തം മണ്ണിൽ ഉറച്ചുനിന്ന്, പൈതൃകത്തെ നെഞ്ചോടുചേർത്ത്, വരുംതലമുറയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചാൽ ഒരാൾക്ക് കാലത്തെ അതിജീവിക്കാനാകുമെന്ന് രാമേട്ടൻ തെളിയിച്ചു.
തുടരേണ്ട ദൗത്യം
രാമേട്ടന്റെ വിയോഗത്തോടെ അദ്ദേഹത്തിന്റെ ജീവിതപ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല. അദ്ദേഹം കാത്തുസൂക്ഷിച്ച വിത്തുകളും സ്വരൂപിച്ച അറിവുകളും പുതിയ തലമുറയിലേക്ക് പകർന്നുനൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അദ്ദേഹത്തിന്റെ അമൂല്യമായ വിത്തുശേഖരവും കാർഷികവിജ്ഞാനവും സംരക്ഷിക്കാനും അവ ഭാവിതലമുറയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കൈമാറാനും കൃഷിവകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. രാമേട്ടന്റെ ഓർമകൾക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവ് അദ്ദേഹം തുടങ്ങിവച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകുക എന്നതാണ്.
കാലത്തെ അതിജീവിച്ച് രാമേട്ടൻ കാത്തുസൂക്ഷിച്ച ഓരോ വിത്തിലും അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ കഥയുണ്ട്. വയനാടിന്റെ മണ്ണിൽ പടരുന്ന ഓരോ പച്ചപ്പിലും അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹത്തിന്റെ അടയാളമുണ്ട്. നാടൻപാട്ടുകളുടെ ഈണങ്ങളിലും ഗ്രാമവഴികളിലെ നിഷ്കളങ്കമായ ചിരികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഇനിയും അനുഭവിക്കാനാകും.
രാമേട്ടൻ ബാക്കിവച്ച നാടൻ അറിവുകളുടെയും ശാസ്ത്രലോകത്തിന് കൗതുകവും പഠനസാധ്യതകളും പകരുന്ന വിജ്ഞാനത്തിന്റെയും മുദ്രകൾ നിലനിർത്തുക എന്ന വലിയ ഉത്തരവാദിത്വം ഈ സന്ദർഭത്തിൽ നാം ഏറ്റെടുക്കണം. രാമേട്ടന്റെ വിത്തുശേഖരവും അമൂല്യമായ അറിവുകളും പുതുതലമുറയിലേക്ക് പകർന്നുനൽകാൻ കൃഷിവകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ നടപടികളും ഉണ്ടാകും.
പ്രിയപ്പെട്ട രാമേട്ടന് ആദരാഞ്ജലികൾ...