കൊടകര: ഔഷധസസ്യക്കൃഷിയില്‍ വിജയഗാഥകള്രചിച്ച മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ കൊടുവേലി മിഷന് 2030 പദ്ധതി ആരംഭിക്കുന്നു.
ഔഷധസസ്യ കൃഷിയിലെ ഏറ്റവും ലാഭകരമായ ഒരു കൃഷിയാണ് ചെത്തിക്കൊടുവേലി. മലയോരമേഖലയില്വരുന്ന ആന, പന്നി എന്നിവയെ അകറ്റിനിര്‍ത്താനുള്ള അപൂര്വകഴിവ് ഈ സസ്യത്തിനുണ്ട്. ഒരുകാലത്ത് സുലഭമായിരുന്ന കൊടുവേലിക്കൃഷി ഇന്ന് ഇല്ലാതായതോടെ പല കമ്പനികളുടെയും ഉത്പന്നനിര്മാണംവരെ പ്രതിസന്ധിയായി. രണ്ടുവര്‍ഷത്തെ കാലയളവും വിലയിലെ ഏറ്റക്കുറച്ചിലുമാണ് കര്‍ഷകരെ കൃഷിയില്‍നിന്നു പിന്തിരിപ്പിച്ചത്.
നിലവില്‍ കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവടങ്ങളിലെ കമ്പനികളുമായി 10 വര്‍ഷത്തെ വിലസ്ഥിരത പാക്കേജ് ഉറപ്പുവരുത്തിയും മാര്‍ക്കറ്റിലെ വിലയ്ക്കനുസൃതമായി കര്‍ഷകര്‍ക്ക് വില ഉറപ്പുനല്‍കുന്ന കോണ്‍ട്രാക്ട് ഫാമിംഗുമാണ് കൊടുവേലി മിഷന് കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാന ഔഷധസസ്യ ബോര്‍ഡും സൊസൈറ്റിയും ഓരോ മരുന്നുത്പദകരും തമ്മിലുള്ള ത്രികക്ഷി കരാറാണ് ഇതിന്റെ പ്രത്യേകത,പദ്ധതിയുടെ ഭാഗമായി. മറ്റത്തൂര്‍ സൊസൈറ്റിയുടെ കീഴില്‍ മദര്‍ നഴ്സറി ഒരുക്കുകയും തുടര്‍ന്ന് കര്‍ഷകര്‍ക്ക് തൈകള്നല്കി കര്‍ഷകരുമായി വില ഉറപ്പിച്ചു കരാർവച്ച് കൃഷി ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്. 2027 മുതലാണ് കര്‍ഷര്‍ക്ക് സൊസൈറ്റി കൊടുവേലി തൈകള്‍ വിതരണംചെയ്യുക.
ഇന്ന് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തൃശൂര്‍ എലൈറ്റ് ഹോട്ടലില്‍ നടക്കുന്ന സെമിനാറില്‍ മന്ത്രി കെ. മുരളീധരന്റെ സാന്നിധ്യത്തില്‍ വിവിധ കമ്പനികളുമായി സൊസൈറ്റി ധാരണാപത്രം ഒപ്പുവയ്ക്കും.