ചങ്ങനാശേരി: സങ്കീര്‍ണ്ണമായ കാന്‍സര്‍ ചികിത്സാരംഗത്ത് സുപ്രധാന ചുവടുവെപ്പുമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി. പെരിറ്റോണിയല്‍ സര്‍ഫസ് ഓങ്കോളജി ചികിത്സയില്‍ ഏറെ നിര്‍ണായകമായ ഹൈപ്പര്‍തെര്‍മിക് ഇന്‍ട്രാപെരിറ്റോണിയല്‍ കീമോതെറാപ്പി ആശുപത്രിയില്‍ ആദ്യമായി വിജയകരമായി പൂര്‍ത്തിയാക്കി.
കാന്‍സര്‍ ബാധിത ഭാഗങ്ങളിലെ മുഴകളും കോശങ്ങളും നീക്കം ചെയ്യുന്ന സൈറ്റോറെഡക്ടീവ് സര്‍ജറിക്കൊപ്പം, വയറിനുള്ളിലെ പെരിറ്റോണിയല്‍ അറയിലേക്ക് ചൂടാക്കിയ കീമോതെറാപ്പി മരുന്നുകള്‍ നേരിട്ട് നല്കുന്ന നൂതന ചികിത്സാരീതിയാണിത്. ശസ്ത്രക്രിയയ്ക്കുശേഷം അവശേഷിച്ചേക്കാവുന്ന സൂക്ഷ്മ കാന്‍സര്‍ കോശങ്ങളെ ഫലപ്രദമായി നശിപ്പിക്കാന്‍ സാധിക്കുന്നതിലൂടെ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സാധ്യതകളാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്.കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജെന്‍സി ജോയ് ചെമ്മനത്തിന്റെ നേതൃത്വത്തിലുള്ള ഓങ്കോളജി വിഭാഗവും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കുക്കു ജോൺ, ഡോ. അമല്‍ ഫിലിപ്പ്, ഡോ. മിഥുല്‍ മാത്യു തോമസ്, ഡോ. അരുണ്‍ ജേക്കബ്, ഡോ. സൂരജ് എന്നിവരും ചികിത്സയ്ക്ക് നേതൃത്വം നല്കി.
സര്‍ജിക്കല്‍ ഓങ്കോളജി, അനസ്തേഷ്യ, ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കല്‍ ഓങ്കോളജി, പെര്‍ഫ്യൂഷന്‍ വിഭാഗങ്ങള്‍ക്കൊപ്പം ഓപ്പറേഷന് തിയേറ്റര്‍ നഴ്സുമാരുടെയും പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു ജീവനക്കാരുടെയും ഏകോപിതമായ പ്രവര്‍ത്തനമാണ് ഈ നേട്ടം സാധ്യമാക്കിയത്.രോഗികളുടെ സുരക്ഷയും കൃത്യമായ ചികിത്സാ പ്രോട്ടോകോളുകളും ഉറപ്പാക്കി സങ്കീര്‍ണ്ണമായ കാന്‍സര്‍ ചികിത്സാരംഗത്ത് കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്താനാണ് ആശുപത്രി ലക്ഷ്യമിടുന്നതെന്ന് ഹോസ്പിറ്റല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അറിയിച്ചു.ക്യാന്‍സര്‍ ചികിത്സ വിദഗ്ധരുടെ കണ്സള്ട്ടേഷന് ബുക്കിംഗിന് 0481 272 2100 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.