ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കത്തോലിക്കാ സൊസൈറ്റിയുടെ (കെസിഎസ് ഷിക്കാഗോ) ആഭിമുഖ്യത്തിൽ ലൈലിലെ ബെനഡിക്ടിൻ യൂണിവേഴ്സിറ്റിയുടെ ഡാനിയേൽ ഗുഡ്വിൻ ബിസിനസ് സെന്ററിൽ സംഘടിപ്പിച്ച ക്നാനായ നൈറ്റ് 2026 കലാവൈഭവത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും സമുദായ ഐക്യത്തിന്റെയും ആഘോഷമായി മാറി.
മനോഹരമായ കലാപ്രകടനങ്ങളും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും മികച്ച സംഘാടനമികവുംകൊണ്ട് ഷിക്കാഗോ ക്നാനായ സമൂഹത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ആഘോഷരാവായി ക്നാനായ നൈറ്റ് 2026 മാറി.
കിഡ്സ് ക്ലബിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള എല്ലാ തലമുറകളുടെയും സജീവ പങ്കാളിത്തമായിരുന്നു ഈ വർഷത്തെ ക്നാനായ നൈറ്റിന്റെ ഏറ്റവും വലിയ സവിശേഷത.
വർണാഭമായ വേഷവിധാനങ്ങളും ആകർഷകമായ നൃത്താവിഷ്കാരങ്ങളും ഹൃദ്യമായ സംഗീതപരിപാടികളും വൈവിധ്യമാർന്ന കലാപ്രകടനങ്ങളും വേദിയെ അക്ഷരാർഥത്തിൽ ഒരു കലാവിസ്മയമാക്കി മാറ്റി.
ഓരോ പരിപാടിയിലും കലാകാരന്മാരുടെയും കോഓർഡിനേറ്റർമാരുടെയും ആഴ്ചകൾ നീണ്ട പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും സർഗാത്മകതയുടെയും പ്രതിഫലനം പ്രകടമായിരുന്നു. സമുദായാംഗങ്ങളുടെ അഭൂതപൂർവമായ പങ്കാളിത്തവും ആഘോഷത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയായിരുന്നു.
പരിപാടികളുടെ ഉന്നത നിലവാരവും വൈവിധ്യവും കാണികളെ തുടക്കം മുതൽ അവസാനം വരെ ആവേശഭരിതരാക്കി. ഒരു പരിപാടി കഴിയുമ്പോൾ അടുത്തത് എന്തായിരിക്കുമെന്ന ആകാംക്ഷയോടെ കാണികൾ സദസിൽ തുടർന്നു.