കോട്ടയം: ചിക്കൻപോക്സ് വ്യാപനത്തെത്തുടർന്ന് മഹാത്മാഗാന്ധി സർവകലാശാലയിൽ ഓഫ്ലൈൻ ക്ലാസുകൾ നിർത്തിവയ്ക്കുന്നതും ഹോസ്റ്റലുകൾ അടച്ചിടുന്നതും 22 വരെ നീട്ടി. 23 മുതൽ ഓഫ്ലൈൻ ക്ലാസുകളും ഹോസ്റ്റൽ പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ കാലയളവിൽ പഠനവകുപ്പുകളിലെ ക്ലാസുകൾ ഓൺലൈനായി നടത്തും. ഓൺലൈൻ ക്ലാസുകൾക്ക് പ്രത്യേക ഹാജർ രജിസ്റ്ററും സൂക്ഷിക്കും. രോഗവ്യാപനം നിയന്ത്രിക്കുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം.
ഹോസ്റ്റലുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് സമഗ്ര ശുചീകരണവും അണുനശീകരണവും പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളും ഒരുക്കും.