ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കാൻ വീണ്ടും പ്രതിപക്ഷശ്രമം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ ബജറ്റ് സമ്മേളനത്തിൽ സമർപ്പിച്ച നോട്ടീസ് പാർലമെന്റിന്റെ ഇരുസഭകളും തള്ളിയതോടെയാണു വീണ്ടും ശ്രമം നടത്താനുള്ള തീരുമാനം. ഇതിനായി കോണ്ഗ്രസ്, തൃണമൂൽ കോണ്ഗ്രസ്, സമാജ്വാദി പാർട്ടി, ഡിഎംകെ തുടങ്ങിയ കക്ഷികൾ തയാറെടുപ്പുകൾ നടത്തിവരുന്നതായാണു വിവരം.
200 എംപിമാരുടെ ഒപ്പുകൾ ശേഖരിച്ച് പാർലമെന്റിൽ സമർപ്പിക്കാനാണു നീക്കം. കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭയിൽ 131-ാം ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടത് പ്രതിപക്ഷത്തിനു കൂടുതൽ ആത്മവിശ്വാസം നൽകിയതായാണു വിലയിരുത്തൽ. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ഗ്യാനേഷ് കുമാറിനെതിരേ വീണ്ടും നോട്ടീസ് നൽകാൻ പ്രതിപക്ഷം ആലോചിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും കേന്ദ്രസർക്കാരിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് അഴിമതികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തടസപ്പെടുത്തുക, തെരഞ്ഞെടുപ്പ് ഡാറ്റ പങ്കുവയ്ക്കുന്നതിൽ സുതാര്യത പുലർത്താതിരിക്കുക, പക്ഷപാതപരമായ നിലപാടുകൾ സ്വീകരിക്കുക തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞതവണ നോട്ടീസ് നൽകിയത്. ഇതിനു പുറമെ ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പലർക്കും വോട്ടവകാശം നഷ്ടപ്പെടാൻ ഇടയാക്കിയെന്നും സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ കമ്മീഷൻ വീഴ്ച വരുത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആദ്യ നോട്ടീസ് പാർലമെന്റിന്റെ ഇരുസഭകളും തള്ളിയത്.