കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സ്വീകരണം നൽകി. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
മുൻസഭാധ്യക്ഷൻമാരുടെ കബറിടങ്ങളിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി.ഡി. സതീശൻ ദേവലോകത്ത് എത്തുന്നത്.
സഭാംഗങ്ങളും ജനപ്രതിനിധികളുമായ ചാണ്ടി ഉമ്മൻ, റെജി ചെറിയാൻ, അബിൻ വർക്കി എന്നിവരും ഒപ്പമുണ്ടായിരുന്നു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, അരമന അസിസ്റ്റന്റ് മാനേജർ ഫാ. ഗീവർഗീസ് ജോൺസൺ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കാളികളായി.
സഭയുടെ ക്ഷണം സ്വീകരിച്ച് ദേവലോകത്തേക്ക് എത്തിയ മുഖ്യമന്ത്രിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ ആശംസകൾ നേർന്നു. സർക്കാരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയുണ്ടാകുമെന്ന് സഭാധ്യക്ഷൻ ഉറപ്പ് നൽകി.
മലങ്കരസഭാ സുന്നഹദോസ് നാളെ മുതൽ
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന് നാളെ തുടക്കമാകും. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരുന്ന സുന്നഹദോസിന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സഭയിലെ മുഴുവൻ മെത്രാപ്പോലീത്തമാരും സംബന്ധിക്കുമെന്ന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു.