തിരുവനന്തപുരം: ലോക്സഭ- നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസറായി ഡോ.ഡി.സജിത്ത് ബാബുവിനെ നിയമിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകി. സംസ്ഥാന സർക്കാർ നൽകിയ മൂന്നംഗ പട്ടികയിലെ സജിത്ത് ബാബുവിന്റെ പേര് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയാണ് ഡോ. ഡി. സജിത്ത് ബാബു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ.എ. കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിൽ മൃഗസംരക്ഷണ വകുപ്പിൽ ഡയറക്ടറായി പോയ ഒഴിവിലാണ് സിഇഒയുടെ നിയമനം.
നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സിഇഒയായിരുന്നു ഡോ. രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ് കൗശികൻ എത്തിയത്. രണ്ടു മാസത്തിനകം കൗശികൻ കേരളം വിട്ടതിനെ തുടർന്നാണ് വീണ്ടും ഒഴിവുണ്ടായത്.
കൃഷിശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള ഡി. സജിത്ത് ബാബു തിരുവനന്തപുരം സ്വദേശിയാണ്. കാസർഗോഡ് ജില്ലാ കളക്ടർ, ദേശീയ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, സപ്ലൈകോ കമ്മീഷണർ, കോ-ഓപറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ മൃഗസംരക്ഷണ വകുപ്പ് സ്പെഷൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.