മധ്യപ്രദേശിലെ ജബൽപൂരിൽ സഹതൊഴിലാളിയായ യുവതിയുടെ കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് വലയിലാക്കി.
സംഭവത്തിൽ കുഞ്ഞിനെ അപായമൊന്നും കൂടാതെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു. ഗൗരിഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്.
മണ്ഡ്ല സ്വദേശിയായ പ്രതി തൊഴിൽ ആവശ്യങ്ങൾക്കായി ജബൽപൂരിൽ എത്തിയതായിരുന്നു. അവിടെ വെച്ച് കൂലിപ്പണി ചെയ്തിരുന്ന മറ്റൊരു യുവതിയുമായി സൗഹൃദത്തിലാവുകയും തുടർന്ന് ഈ പരിചയം മുതലെടുത്ത് അവരുടെ പെൺകുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
മുഖം മറച്ച ശേഷം കുഞ്ഞുമായി ഓടിപ്പോകുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പ്രദേശത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത് സമൂഹമാധ്യമങ്ങളിലും വലിയ തോതിൽ പ്രചരിച്ചു.
കുട്ടിയെ കാണാതായതോടെ വീട്ടുകാർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ശേഖരിച്ചു.
ഇതിനിടയിലാണ് പ്രതി കുട്ടിയുമായി ജന്മനാടായ മണ്ഡ്ലയിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിടുന്നതായി പൊലീസിന് രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയ പൊലീസ് സംഘം പ്രതിയെ തടഞ്ഞുനിർത്തി കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
കൃത്യസമയത്ത് പൊലീസ് നടത്തിയ ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ജബൽപൂർ സിറ്റി സൂപ്രണ്ട് ഓഫ് പൊലീസ് എം.ഡി. നാഗോതിയ വ്യക്തമാക്കി.