എഡിൻബറോ: ബാലപീഡന കേസിൽ മുൻ ലോക സ്നൂക്കർ ചാമ്പ്യനായ ഗ്രേയം ഡോട്ടിന് ഏഴു വർഷം തടവുശിക്ഷ വിധിച്ചു.
ഗ്ലാസ്ഗോയിലെ ഹൈക്കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിലാണ് എഡിൻബറോ ഹൈക്കോടതി ജഡ്ജി ലോർഡ് ഹാരോവർ ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷാകാലാവധി പൂർത്തിയാക്കിയശേഷവും ഡോട്ടിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ സ്ഥിരം പട്ടികയിൽ നിലനിർത്തും.
1993നും 2010നുമിടയിൽ ഒരു പെൺകുട്ടിയെയും ആൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ഡോട്ടിനെതിരേ നടപടി.
കുട്ടികളുടെ കൗമാരകാലവും ബാല്യകാലവും തകർത്ത ഡോട്ടിന്റെ പെരുമാറ്റം വിശ്വസ്തതയുടെ ക്രൂരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. തനിക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധിച്ച ഡോട്ട്, കോടതിയിൽ ശിക്ഷാവിധി കേൾക്കുമ്പോഴും കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല.
2006ൽ ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ സ്കോട്ടിഷ് താരമാണ് ഗ്രേയം ഡോട്ട്. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഓഗസ്റ്റിൽ വേൾഡ് പ്രൊഫഷണൽ ബില്യാർഡ്സ് ആൻഡ് സ്നൂക്കർ അസോസിയേഷൻ ഇയാളുടെ അംഗത്വം സ്ഥിരമായി റദ്ദാക്കിയിരുന്നു.