ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും അനുമതിയില്ലാത്ത സ്വകാര്യദൃശ്യങ്ങളും ഇന്റർനെറ്റിൽനിന്നു നീക്കം ചെയ്യുന്നതുകൂടാതെ ഇവ അപ്ലോഡ് ചെയ്തവരെക്കുറിച്ച് പൊലിസിൽ വിവരമറിയിക്കാൻ സമൂഹമാധ്യമങ്ങൾ ഉൾപ്പടെയുള്ള ഇടനിലക്കാർക്ക് നിയമപരമായ ബാധ്യത നൽകുന്ന നിയമനിർമാണം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ.
ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീംകോടതിയിൽ ഇക്കാര്യം അറിയിച്ചത്.
കുട്ടികളെ ഉൾപ്പെടുത്തിയുള്ള ദൃശ്യങ്ങളുടെ വ്യാപനം തടയുന്നതിനൊപ്പം മുതിർന്നവരുടെ സ്വകാര്യ ദൃശ്യങ്ങൾ സമ്മതമില്ലാതെ പ്രചരിപ്പിക്കുന്നത് തടയാനുള്ള നയരൂപീകരണവും പരിഗണനയിലാണെന്ന് കേന്ദ്രം അറിയിച്ചു.
നിർമിതബുദ്ധി ഉപയോഗിച്ചു വ്യക്തികളുടെ മുഖവും ശരീരവും രൂപമാറ്റം വരുത്തി സൃഷ്ടിക്കുന്ന വ്യാജദൃശ്യങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഇത്തരം ദൃശ്യങ്ങൾ പ്രചരിച്ചാൽ ഇരയായ വ്യക്തിക്കുപുറമെ മൂന്നാം കക്ഷികൾക്കും പരാതി നൽകാൻ കഴിയുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയേക്കും.
സമൂഹമാധ്യമങ്ങളിലെയും ഡിജിറ്റൽ ഇടങ്ങളിലെയും അശ്ലീല-വ്യാജ ദൃശ്യപ്രചാരണം തടയുന്നതിനായി തയാറാക്കുന്ന നയരേഖ നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേസിൽ തുടർന്നുള്ള നടപടികൾ കേന്ദ്രസർക്കാരിന്റെ വിശദമായ റിപ്പോർട്ടിനു ശേഷമായിരിക്കും.