കൊച്ചി: കുട്ടികളുടെ അന്തസിനും അവകാശങ്ങള്‍ക്കും നിയമം തടസമാകുന്ന സാഹചര്യങ്ങളില്‍ ഭരണഘടനാകോടതികള്‍ അവർക്കു സംരക്ഷണകവചമൊരുക്കണമെന്ന് ഹൈക്കോടതി.
മാതാപിതാക്കളുടെ വിവാഹബന്ധത്തിലെ നിയമപരമായ പ്രശ്നങ്ങളും സാഹചര്യങ്ങളുമൊന്നും രാജ്യത്തിന്റെ അമൂല്യസ്വത്തായ കുട്ടികളെ ബാധിക്കരുത്. നിയമത്തിന്റെ നൂലാമാലകള്‍ കുട്ടിയുടെ അന്തസിനെ മുറിപ്പെടുത്തുമ്പോള് കോടതികള്‍ അവര്‍ക്കു കവചമാകണമെന്ന് കുമാരനാശാന്റെ ‘പരിക്കേറ്റ കുട്ടി’ എന്ന കവിതയിലെ ‘അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാന്‍...’ എന്നുതുടങ്ങുന്ന ചില വരികള്‍ ഉദ്ധരിച്ച് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ചൂണ്ടിക്കാട്ടി.
വിവാഹിതരാകാതെ ഒരുമിച്ചുകഴിയുന്ന പങ്കാളികളുടെ മകളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്താനുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പേരന്റ്സ് പാട്രിയ (രാജ്യത്തിന്റെ രക്ഷിതാവ്) എന്ന കോടതിയുടെ ഈ അധികാരം സംബന്ധിച്ച് കുട്ടികള്‍ ബോധവാന്മാരാകണമെന്നും വിഷയം സ്കൂള്‍ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ആദ്യ വിവാഹബന്ധം പിരിഞ്ഞശേഷം ലിവിംഗ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞിരുന്ന പങ്കാളികള്‍ക്ക് കഴിഞ്ഞ ഫെബ്രുവരി നാലിനു ജനിച്ച പെണ്‍കുഞ്ഞിന്റെ ജനന രജിസ്റ്ററില്‍ പിതാവിന്റെ സ്ഥാനത്ത് അമ്മയുടെ മുന്‍ ഭര്‍ത്താവിന്റെ പേരാണ് അബദ്ധത്തില്‍ രേഖപ്പെടുത്തിയത്. തിരുത്താന്‍ കൊച്ചി നഗരസഭയെ സമീപിച്ചെങ്കിലും നിയമതടസങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് പങ്കാളികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
നിലവിലെ നിയമപ്രകാരം ഡിഎന്‍എ പരിശോധനയിലൂടെ വേണം പിതൃത്വം തെളിയിക്കാന്‍. സ്വന്തം മാതാപിതാക്കളെ തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാകേണ്ടിവരുന്നത് കുട്ടിയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനന മരണ രജിസ്ട്രേഷന് നിയമം കാലോചിതമായ പരിഷ്കരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുകള്‍ ഗൗരവമായി ചിന്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
രക്ഷാകര്‍തൃ തര്‍ക്കമില്ലെങ്കില്‍ ഡിഎന്‍എ പരിശോധന ഒഴിവാക്കുന്നതും പരിഗണിക്കണം. തുടര്‍ന്ന് പിതാവിന്റെ പേര് തിരുത്തി ഒരു മാസത്തിനകം കുട്ടിക്ക് പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്കാന് കൊച്ചി നഗരസഭാ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശവും നല്കി.