Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chimpanzees

Viral

കൂട്ടുകാരല്ല! ഇനി ശത്രുക്കൾ; ഉഗാണ്ടയിലെ കാടുകളിൽ അരങ്ങേറുന്ന ഭീകരമായ ആഭ്യന്തര യുദ്ധം

ഉഗാണ്ടയിലെ കാടുകളിൽ നിന്ന് മനുഷ്യസഹജമായ യുദ്ധതന്ത്രങ്ങളുടെയും പകയുടെയും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സാധാരണയായി അയൽക്കൂട്ടങ്ങളുമായി മാത്രം അതിർത്തി തർക്കങ്ങളിൽ ഏർപ്പെടാറുള്ള ചിമ്പാൻസികൾ, സ്വന്തം താവളത്തിൽ തന്നെ ചേരിതിരിഞ്ഞ് ആഭ്യന്തര യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

കിബാലെ നാഷണൽ പാർക്കിലെ 'എൻഗോഗോ' എന്ന ചിമ്പാൻസി സമൂഹത്തിലാണ് പതിറ്റാണ്ടുകൾ നീണ്ട സൗഹൃദം തകർത്ത് ഈ ചോരക്കളി നടക്കുന്നത്. ഏകദേശം ഇരുനൂറോളം അംഗങ്ങളുണ്ടായിരുന്ന ഈ വലിയ ചിമ്പാൻസി കുടുംബം കഴിഞ്ഞ 30 വർഷമായി ഗവേഷകരുടെ നിരീക്ഷണത്തിലായിരുന്നു.

ആദ്യകാലങ്ങളിൽ സമാധാനപരമായി കഴിഞ്ഞിരുന്ന ഇവർക്കിടയിൽ വിള്ളലുകൾ വീണു തുടങ്ങിയത് 1990-കളുടെ അവസാനത്തോടെയാണ്. പകൽ സമയങ്ങളിൽ ഭക്ഷണം തേടി ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞുപോയിരുന്ന ഇവർ പിന്നീട് ആ വിഭജനം സ്ഥിരമാക്കുകയായിരുന്നു.

2015-ഓടെ ഒരൊറ്റ വലിയ സമൂഹം എന്ന നിലയിൽ നിന്ന് രണ്ട് വ്യത്യസ്ത ചേരികളായി ഇവർ പൂർണമായും വഴിപിരിഞ്ഞു. തുടക്കത്തിൽ ഇരുവിഭാഗങ്ങളിലെയും അംഗങ്ങൾ തമ്മിൽ സൗഹൃദം നിലനിന്നിരുന്നെങ്കിലും 2018-ഓടെ ചിത്രം പൂർണമായും മാറി.

പഴയ സ്നേഹമെല്ലാം വെറുപ്പിന് വഴിമാറുകയും പരസ്പരം കണ്ടുമുട്ടുമ്പോൾ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഈ പോരാട്ടങ്ങളിൽ നിരവധി ആൺ ചിമ്പാൻസികൾ കൊല്ലപ്പെടുകയും കുട്ടികളെ കൊന്നൊടുക്കുന്ന പ്രവണത വർധിക്കുകയും ചെയ്തതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പലരും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരാവുകയും ചെയ്യുന്നുണ്ട്.

പ്രശസ്ത പ്രൈമറ്റോളജിസ്റ്റ് ജെയ്ൻ ഗുഡാൾ 50 വർഷങ്ങൾക്ക് മുമ്പ് ടാൻസാനിയയിലെ ഗോംബെയിൽ നിരീക്ഷിച്ച സമാനമായൊരു കൂട്ടക്കൊലയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വിപുലമായ ഒരു 'ചിമ്പാൻസി യുദ്ധം' ശാസ്ത്രലോകം രേഖപ്പെടുത്തുന്നത്.

ടെക്സസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ആരോൺ സാൻഡലിന്‍റെ നേതൃത്വത്തിൽ നടന്ന പഠനമനുസരിച്ച്, വംശവർധനവും വിഭവങ്ങളുടെ ദൗർലഭ്യവുമാകാം ഈ ആഭ്യന്തര കലഹത്തിലേക്ക് നയിച്ചത്.

മനുഷ്യരുടെ ആഭ്യന്തര യുദ്ധങ്ങൾക്ക് സമാനമായ തന്ത്രങ്ങളും ക്രൂരതയും ഈ പോരാട്ടങ്ങളിൽ പ്രകടമാണെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

Latest News

Corehub Up