സിയൂൾ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ പേരിൽ ദക്ഷിണ കൊറിയയിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റിനുനേരേ ഒരു സംഘം ചൈനീസ് പൗരന്മാരുടെ ആക്രമണം. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയൂളിനു തെക്കുള്ള സിയോംഗ്നാമിലെ റസ്റ്ററന്റിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം ആക്രമണം നടത്തിയത്.
കഴിഞ്ഞ 24ന് പുലർച്ചെ നടന്ന സംഭവത്തിൽ റസ്റ്ററന്റിലെ ഫർണിച്ചറുകൾ തകർക്കുകയും പെയിന്റ് സ്പ്രേ ചെയ്യുകയും ചെയ്തു. ആക്രമണത്തിനുശേഷം പ്രതികൾ ചൈനയിലേക്കു കടന്നതായി പൊലിസ് അറിയിച്ചു.
ഏകദേശം 11,100 യുഎസ് ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായി ഉടമ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് അഞ്ചു ദിവസത്തോളം അടച്ചിട്ട റസ്റ്ററന്റ് ചൊവ്വാഴ്ചയാണ് വീണ്ടും തുറന്നത്. സ്ഥാപനത്തിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് നിലവിൽ ആലോചിച്ചുവരികയാണെന്ന് ഉടമകൾ പറഞ്ഞു.
കഴിഞ്ഞ എട്ടു വർഷമായി പ്രവർത്തിക്കുന്ന റസ്റ്ററന്റിന് ദക്ഷിണ കൊറിയയിലെ ഏറ്റവും മികച്ച ചൈനീസ് റസ്റ്ററന്റ് എന്ന നിലയിലാണു ഷി ജിൻപിംഗിന്റെ പേര് നൽകിയതെന്നും ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഉടമ വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ഒരു വർഷമായി സ്ഥാപനത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണി ഫോൺ കോളുകൾ വന്നിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പേരു മാറ്റാൻ വലിയ തുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോൺ കോളുകളും ലഭിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ റസ്റ്ററന്റിലെ 'ഷി ജിൻപിംഗ് സ്പെഷൽ റൈസ്' എന്ന വിഭവത്തിനെതിരേ ദക്ഷിണ കൊറിയൻ ബൗദ്ധിക സ്വത്ത് മന്ത്രാലയത്തിൽ പരാതി ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തിൽ അപാകതകളൊന്നും കണ്ടെത്താനായിരുന്നില്ല.
അക്രമികൾ 20നും 40നും ഇടയിൽ പ്രായമുള്ള ചൈനീസ് പൗരന്മാരാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിനുശേഷം ഇവർ ചൈനയിലെ ഷാംഗ്ഹായ്, യാന്റായ് എന്നീ നഗരങ്ങളിലേക്കു കടന്നതായാണ് വിവരം. പ്രതികളെ കണ്ടെത്തുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദക്ഷിണ കൊറിയൻ പൊലിസ് വ്യക്തമാക്കി.