കൊല്ലം: ചിന്നക്കട, ഇടമണ്‍ റോഡ് പരമാവധി വീതിയില്‍ വികസിപ്പിക്കാന്‍ ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യു, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യമന്ത്രിക്കും മന്ത്രിമാരായ ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ് എന്നിവര്‍ക്കും കത്ത് നല്കി.
റോഡ് വികസനം സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. 447 കോടിയുടെ പദ്ധതി കേന്ദ്ര റോഡ് ഗതാഗതവും ദേശീയപാതയും മന്ത്രാലയം തത്വത്തില്‍ അംഗീകരിച്ചതാണെന്നും സ്ഥലം ഏറ്റെടുത്തു നല്കുന്നതില് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ലഭ്യമാക്കാന്‍ സന്നദ്ധമാണെങ്കില്‍ റോഡ് പരമാവധി വീതിയില്‍ വികസിപ്പിക്കുന്നതിനുള്ള പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ തയാറാണെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ കത്ത് നല്‍കിയത്. ചിന്നക്കട മുതല്‍ ഇടമണ്‍ വരെയുള്ള പാതയുടെ വികസനം അനിവാര്യമാണെന്നും എംപി പറഞ്ഞു.