കണ്ണൂർ: കൃഷ്ണഗാഥ കർത്താവായ കവി ചെറുശേരിയുടെ സ്മരണയ്ക്കായി കണ്ണൂർ ചിറക്കലിൽ സ്മാരകം നിർമിക്കുന്നു. സംസ്ഥാന സാംസ്കാരിക വകുപ്പ് നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. സ്മാരകം സാഹിത്യ ഗവേഷണത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രാധാന്യമുള്ള കേന്ദ്രമായി മാറുമെന്ന് മന്ത്രി പറഞ്ഞു.
ചിറക്കൽ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്ര ഭൂമിയിലാണ് സ്മാരകം നിർമിക്കുന്നത്. ക്ഷേത്ര വാസ്തുവിദ്യയോട് ചേർന്നു നിൽക്കുന്ന വിധത്തിൽ ക്ഷേത്രാചാരങ്ങൾക്ക് വിഘാതം വരാതെയാണ് ഇരുനിലകളിൽ മ്യൂസിയം ഒരുക്കുക. രണ്ട് ഓപ്പൺ സ്റ്റേജുകളോടെ നിർമിക്കുന്ന സ്മാരക മന്ദിരത്തിൽ താളിയോലകളും ചിത്രങ്ങളും പ്രദർശിപ്പിക്കും. മുകളിലെ നിലയിൽ പ്രധാനപ്പെട്ട പുസ്തക ശേഖരങ്ങളോടൊപ്പം കൃഷ്ണഗാഥ ശ്രവിക്കാനുള്ള സൗകര്യത്തോടുകൂടിയ ലൈബ്രറിയുമുണ്ടാകും.
600 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മുറ്റം, 1229 ചതുരശ്ര അടി വിസ്തൃതിയുള്ള സ്റ്റേജ്, ഗ്രീൻ റൂം, സന്ദർശകർക്കായി ശുചിമുറി സൗകര്യം, പൂന്തോട്ടം എന്നിവയും ഉണ്ടാകും. 2.084 കോടി രൂപ ചിലവിലാണ് സ്മാരകം നിർമിക്കുന്നത്. വാസ്തുവിദ്യ ഗുരുകുലമാണ് ഡിസൈൻ തയാറാക്കിയത്. പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനെയാണ് നിയോഗിച്ചിരിക്കുന്നത്. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചിറക്കൽ കോവിലകം വലിയരാജ സി.കെ. രാമവർമ്മ രാജ, എസ്.ആർ.ഡി. പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരുന്നു.