ഭോപ്പാൽ: മധ്യപ്രദേശിലെ സീഹോർ ജില്ലയിൽ ജലശുദ്ധീകരണ ശാലയിൽ ക്ലോറിൻ വാതകം ചോർന്നു. സംഭവത്തിൽ സമീപവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കഹിരി ഡാമിന് സമീപമുള്ള ജലശുദ്ധീകരണ ശാലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കണ്ണെരിച്ചിലിനെയും ശ്വാസതടസത്തെയും തുടർന്ന് നാല് പേരെ സീഹോർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും എല്ലാവരുടെയും നില സുരക്ഷിതമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ഡാമിലെ വെള്ളം ശുദ്ധീകരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ടാങ്കിൽ നിന്നാണ് വാതക ചോർച്ചയുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലിസും മെഡിക്കൽ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി. അപകടസാധ്യത ഒഴിവാക്കുന്നതിനായി പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.