ആലുവ:വർത്തമാനകാലത്ത് ക്രിസ്തുവിന്റെ സജീവസാക്ഷ്യമാകാൻ സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട് സന്യാസിനീ സമൂഹത്തിനാകുന്നത് കത്തോലിക്കാ സഭയ്ക്കു മുഴുവൻ അഭിമാനമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ (എസ്ഡി) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ പാവങ്ങളെ ചേർത്തുനിർത്തി കർമമണ്ഡലങ്ങളെ ധന്യമാക്കിയ സ്ഥാപകപിതാവ് ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ ദർശനങ്ങൾക്ക് നൂറു വർഷംകൊണ്ട് അർഥപൂർണമായ വെളിച്ചം പകരാൻ ഈ സന്യാസിനീ സമൂഹത്തിനായി. കുറച്ചു സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്ത പ്രേഷിതവര്യനാണു ഫാ. പയ്യപ്പിള്ളി. ആ ധന്യന്റെ വിശുദ്ധപദവിയിലേക്കുള്ള പ്രയാണം ദൈവഹിത പ്രകാരം ഫലമണിയുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
കാരിസത്തോടു നീതിപുലർത്തി അഗതികൾക്കൊപ്പം സഞ്ചരിക്കുന്ന എസ്ഡി സന്യാസിനീ സമൂഹം സുവിശേഷത്തിലെ നല്ല സമരിയാക്കാരന്റെ ഇന്നത്തെ വിപുലമാക്കപ്പെട്ട തുടർച്ചയാണ്. മറ്റേതൊരു സന്യാസിനീ സമൂഹത്തിൽനിന്നും സേവനപ്രവർത്തനങ്ങളിൽ സവിശേഷതകൾ ഏറെയുള്ള എസ്ഡിയുടെ ശുശ്രൂഷകൾ ശക്തമായി തുടരേണ്ടത് സഭയുടെയും സമൂഹത്തിന്റെയും ആവശ്യമാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.
ആലുവ തോട്ടുമുഖം എസ്ഡി ജനറലേറ്റില്‍ നടന്ന പൊതുസമ്മേളനം മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ അനുഗ്രഹപ്രഭാഷണം നടത്തി. ജസ്റ്റീസ് കുര്യൻ ജോസഫ് ശതാബ്ദിസന്ദേശം നൽകി. പ്രേഷിതശുശ്രൂഷ ചെയ്യുന്നവർക്ക് പാവപ്പെട്ടവന്റെ മേൽവിലാസമാണ് അഭിമാനത്തോടെ പറയാനുണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ് മാർ തോമസ് ചക്യത്ത്, ബാലസോർ ബിഷപ് ഡോ. വർഗീസ് തോട്ടങ്കര, അൻവർ സാദത്ത് എംഎൽഎ, എസ്ഡി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിസ് ഗ്രെയ്സ്, എറണാകുളം -അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, സിഎസ്എൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആനി ജോ, ഫാ. സജി മുള്ളൻകുഴി, ഫാ. ഡോ. ജോഫി തോട്ടങ്കര, ഫാ. ഡോ. ജോയ് കൈപ്പനാനിക്കൽ, ഫാ. ജീൻ മൈക്കിൾ, സാജു മത്തായി, സിസ്റ്റർ റെയ്സി, സിസ്റ്റർ ഫ്രാൻസിയ തുടങ്ങിയവർ പ്രസംഗിച്ചു.
നേരത്തേ കൃതജ്ഞതാ ദിവ്യബലിയും ഉണ്ടായിരുന്നു. ഡോക്യുമെന്ററി പ്രദർശനം, പുസ്തകപ്രകാശനം, കലാപരിപാടികൾ എന്നിവയും നടന്നു.