ഇന്നു ലോക സിഒപിഡി ദിനം
ശ്വാസം ജീവിതത്തിന്റെ അടിസ്ഥാനമാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം നഷ്ടപ്പെടുമ്പോൾ ജീവിതനിലവാരം എത്രത്തോളം താഴേക്ക് പോകുമെന്ന് സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്) ബാധിച്ചവരുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.
ശ്വാസനാളികളിലുണ്ടാകുന്ന ദീർഘകാല മാറ്റങ്ങളും ശ്വാസകോശത്തിലെ വായു അറകൾക്കുണ്ടാകുന്ന നാശവും മൂലം വായുസഞ്ചാരം തടസപ്പെടുന്ന അവസ്ഥയാണ് സിഒപിഡി. ഇത് ഒരു ദിവസം കൊണ്ട് രൂപപ്പെടുന്ന രോഗമല്ല.
വർഷങ്ങളായി ശ്വാസകോശത്തിന് ഏൽക്കുന്ന ചെറുതും വലുതുമായ ആഘാതങ്ങൾ ഈ രോഗത്തിലേക്ക് നയിക്കാം. രോഗം സ്ഥിരീകരിച്ചശേഷം ചികിത്സിക്കുന്നതിനൊപ്പം, രോഗസാധ്യത നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും കഴിയുമോ എന്ന ചിന്തയ്ക്കാണ് പ്രീ സിഒപിഡി എന്ന ആശയം പ്രാധാന്യം നൽകുന്നത്.
ലോക സിഒപിഡി ദിനത്തോടനുബന്ധിച്ച് രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും നേരത്തെയുള്ള തിരിച്ചറിയലിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും നമുക്ക് ശ്രമിക്കാം.
പ്രീ സിഒപിഡി എന്താണ്?
സിഒപിഡി വരുന്നതിനു മുൻപേ രോഗസാധ്യത തിരിച്ചറിയാൻ കഴിയുമോ ? തീർച്ചയായും, ശ്വാസകോശത്തിന്റെ വളർച്ചയെയും പ്രവർത്തനത്തെയും ബാധിക്കുന്ന ഘടകങ്ങൾ നേരത്തേ തിരിച്ചറിയുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാൻ കഴിയും.
എല്ലാ മനുഷ്യരുടെയും ശ്വാസകോശം ഒരേ രീതിയിൽ വളരുകയോ ഒരേ പ്രവർത്തനശേഷി കൈവരിക്കുകയോ ചെയ്യുന്നില്ല. ഗർഭാവസ്ഥ മുതൽ 20 - 30 വയസുവരെയുള്ള ശ്വാസകോശവളർച്ചയും പരമാവധി ശ്വാസകോശശേഷി കൈവരിക്കുന്നതും പിന്നീട് പ്രായമാകുമ്പോൾ ശ്വാസകോശപ്രവർത്തനത്തിൽ സംഭവിക്കുന്ന കുറവുമെല്ലാം സിഒപിഡി രൂപപ്പെടുന്നതിൽ നിർണായകമാണ്.
സിഒപിഡി പുകവലിക്കാരുടെ മാത്രം രോഗമല്ല. പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് രോഗത്തിന്റെ സാധ്യതകൾ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ രൂപപ്പെടാമെന്നാണ്.
ജന്മനാ ഉള്ള ശ്വാസകോശരോഗങ്ങൾ, ബാല്യകാലത്തെ ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകൾ, പോഷകാഹാരക്കുറവ്, മാതാവിന്റെ ഗർഭകാലത്തെ നേരിട്ടോ അല്ലാതെയോ ഉള്ള പുകവലി, പൂർണവളർച്ചയെത്തുന്നതിനു മുൻപുള്ള ജനനം, ബാല്യകാലത്ത് ശരിയായി നിയന്ത്രിക്കപ്പെടാത്ത ആസ്ത്മ, അന്തരീക്ഷ മലിനീകരണം തുടങ്ങിയവ ശ്വാസകോശശേഷി കുറയുന്നതിനും പ്രീ സിഒപിഡി അവസ്ഥയിലേക്കും തുടർന്ന് സിഒപിഡിയിലേക്കും നയിക്കാം.
മറ്റുചിലരിൽ യൗവനകാലത്ത് നല്ല ശ്വാസകോശശേഷി ഉണ്ടായിരുന്നാലും പുകവലി, പാചകപ്പുക, തൊഴിൽപരമായ പൊടി, വായുമലിനീകരണം, മറ്റ് ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ കാരണം ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി സാധാരണയേക്കാൾ വേഗത്തിൽ കുറയാം.
എങ്ങനെയാണ് രോഗം നേരത്തേ തിരിച്ചറിയുന്നത്?
സിഒപിഡി സ്ഥിരീകരിക്കുന്നതിനുള്ള പ്രധാന പരിശോധനയാണ് സ്പൈറോമെട്രി (Spirometry - Pulmonary Function Test). എന്നാൽ ശ്വാസതടസം അനുഭവപ്പെടുന്നില്ലെങ്കിലും ചിലരിൽ ശ്വാസകോശത്തിൽ ആദ്യകാല മാറ്റങ്ങളോ ഘടനാപരമായോ പ്രവർത്തനപരമായോ ഉള്ള അസാധാരണതകളോ നേരിയ രോഗലക്ഷണങ്ങളോ ഉണ്ടായേക്കാം.
ഇത്തരം അവസ്ഥകളെയാണ് പ്രീ സിഒപിഡി എന്ന ആശയത്തിന്റെ ഭാഗമായി പരിഗണിക്കുന്നത്.
ആരിലാണ് പ്രീ സിഒപിഡി / സിഒപിഡി സംശയിക്കേണ്ടത്?
താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ടവർ ശ്വാസകോശാരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം:
- നിലവിൽ പുകവലിക്കുന്നവരും മുൻപ് പുകവലിച്ചിരുന്നവരും.
- വീട്ടിൽ വിറക്, ചാണകം, ചകിരി തുടങ്ങിയവ ഉപയോഗിച്ച് പാചകം ചെയ്യുന്നവർ, വായുസഞ്ചാരം കുറഞ്ഞ അടുക്കളകളിൽ സ്ഥിരമായി ജോലി ചെയ്യുന്നവർ.
- പാറമടകൾ, നിർമ്മാണ മേഖലകൾ, ഫാക്ടറികൾ, കൃഷി തുടങ്ങിയ മേഖലകളിൽ പൊടി, പുക, രാസവസ്തുക്കൾ എന്നിവയ്ക്ക് വിധേയരാകുന്നവർ.
- ആവർത്തിച്ച് ശ്വാസകോശ അണുബാധകൾ ഉണ്ടാകുന്നവർ.
- ബാല്യത്തിൽ ആസ്ത്മയോ ആവർത്തിച്ചുള്ള ശ്വാസകോശപ്രശ്നങ്ങളോ ഉണ്ടായിരുന്നവർ.
- കുടുംബത്തിൽ സിഒപിഡി പോലുള്ള ശ്വാസകോശരോഗങ്ങളുള്ളവർ.
- കിതപ്പ്, ഇടയ്ക്കിടെയുള്ള കഫക്കെട്ട്, ശ്വാസമെടുക്കുമ്പോൾ കുറുകൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ.
സിഒപിഡി പ്രതിരോധിക്കാൻ കഴിയുമോ?
സിഒപിഡി പ്രതിരോധം പ്രായമായവരിൽ മാത്രം ആരംഭിക്കേണ്ട ഒന്നല്ല. ഗർഭകാലം മുതൽ ജീവിതകാലം മുഴുവൻ തുടരേണ്ട ഒരു പ്രക്രിയയാണിത്. രോഗസാധ്യത തിരിച്ചറിഞ്ഞ് ശ്വാസകോശത്തിന്റെ ഭാവി സംരക്ഷിക്കുക എന്നതാണ് പ്രീ സിഒപിഡി എന്ന ആശയത്തിന്റെ പ്രധാന ലക്ഷ്യം.
ഇതിനായി വ്യക്തിതലത്തിലും കുടുംബതലത്തിലും സമൂഹതലത്തിലും ആരോഗ്യസംവിധാനത്തിലും ഒരുപോലെ ഇടപെടലുകൾ ആവശ്യമാണ്.
സിഒപിഡി - പ്രധാന പ്രതിരോധ മാർഗങ്ങൾ:
- പുകവലി പൂർണമായി നിർത്തുക; പുകവലിക്കുന്നവരുടെ പുകയേൽക്കുന്നതും ഒഴിവാക്കുക.
- ശുദ്ധമായ അടുക്കളയും പുകരഹിതമായ പാചകാന്തരീക്ഷവും ഉറപ്പാക്കുക.
- തൊഴിൽസ്ഥലങ്ങളിലെ പൊടി, പുക, രാസവസ്തുക്കൾ എന്നിവയിൽ നിന്നുള്ള സമ്പർക്കം കുറയ്ക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുക.
- ശാരീരിക വ്യായാമങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും ശീലമാക്കുക.
- ശ്വാസകോശ അണുബാധകൾ തടയാൻ നിർദേശിക്കപ്പെടുന്ന വാക്സിനുകൾ സ്വീകരിക്കുക.
- ആസ്ത്മ, മറ്റ് ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കൃത്യമായ ചികിത്സയിലൂടെ അവ നിയന്ത്രിക്കുക.
- ശ്വാസകോശരോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുകയും അപകടസാധ്യതയുള്ളവർക്ക് ആവശ്യമായ പരിശോധനകൾ ഉറപ്പാക്കുകയും ചെയ്യുക.
പ്രീ സിഒപിഡി ഘട്ടത്തിൽ ചികിത്സ ആവശ്യമാണോ?
പ്രീ സിഒപിഡി എന്ന അവസ്ഥയുള്ള എല്ലാവർക്കും മരുന്ന് ചികിത്സ ആവശ്യമാകണമെന്നില്ല. വ്യക്തിയുടെ രോഗസാധ്യതകളും ലക്ഷണങ്ങളും പരിശോധനാഫലങ്ങളും വിലയിരുത്തിയാണ് ചികിത്സ തീരുമാനിക്കുന്നത്.
രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഒഴിവാക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടത്.
ശ്വാസകോശാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടത് ഇന്നുതന്നെ
പ്രീ സിഒപിഡി എന്ന ആശയം നമ്മുടെ ആരോഗ്യസംവിധാനത്തിനു മുന്നിൽ പുതിയൊരു ഉത്തരവാദിത്തമാണ് ഉയർത്തുന്നത്. രോഗം പ്രകടമാകുന്നതുവരെ കാത്തുനിൽക്കാതെ, ശ്വാസകോശത്തിന്റെ ആരോഗ്യം ജീവിതത്തിന്റെ ആദ്യഘട്ടം മുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ഓർമിപ്പിക്കുന്നത്.
കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ശ്വാസകോശാരോഗ്യത്തിന് പ്രത്യേക പരിഗണന നൽകണം. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗസാധ്യത നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതാണ് മികച്ച ആരോഗ്യസംരക്ഷണത്തിന്റെ വഴി.
വിവരങ്ങൾ: ഡോ. ജെയ്സി തോമസ്
സീനിയർ കൺസൾട്ടന്റ് ആൻഡ് ഹെഡ്, പൾമണറി മെഡിസിൻ, മാർ സ്ലീവാ മെഡിസിറ്റി, പാലാ.