കോലഞ്ചേരി: ക്രൈസ്തവസഭാ ചരിത്രത്തിൽ എന്നന്നേക്കും അടയാളപ്പെടുത്തിയ ഒന്നായിരുന്നു മുളന്തുരുത്തി സൂനഹദോസെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
സഭകൾ ഒരുമിച്ചു നിൽക്കണമെന്നും സർക്കാർ അതിനു ഭാഗധേയത്വം വഹിക്കുമെന്നും യോജിപ്പിന് സ്നേഹത്തിന്റെ മഹാഗോപുരം സൃഷ്ടിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന മുളന്തുരുത്തി സൂനഹദോസിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സഭകൾ ഒന്നിച്ചായാൽ വലിയ ശക്തിയായി മാറും. സംസ്ഥാനത്തിനുകൂടി പ്രയോജനപ്പെടുത്താൻവേണ്ടിയാണു സർക്കാർ സഭകളുടെ യോജിപ്പിനുവേണ്ടി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്നേഹംകൊണ്ട് ശത്രുക്കളെ മിത്രങ്ങളാക്കണം: മമ്മൂട്ടി
കോലഞ്ചേരി: സ്നേഹമെന്ന ആയുധംകൊണ്ടു ശത്രുക്കളെ മിത്രങ്ങളാക്കണമെന്ന് നടൻ മമ്മൂട്ടി. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തന്നോട് ഏറെ സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുത്തൻകുരിശിൽ ശ്രേഷ്ഠ കാതോലിക്കാബാവയുടെ പേരിലുള്ള മൂന്നാമത് ശ്രേഷ്ഠബാവ പുരസ്കാരം ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയിൽനിന്ന് ഏറ്റുവാങ്ങിയശേഷം പ്രസംഗിക്കുകയായിന്നു മമ്മൂട്ടി. ബാവയുടെ വേർപാട് തനിക്കു വ്യക്തിപരമായ നഷ്ടമായിരുന്നു. വിദ്വേഷം പകർന്നുനൽകുന്ന ഒരുപാട് കാര്യങ്ങൾ കണ്ടും കേട്ടുമാണ് ഓരോ ദിവസവും കടന്നുപോകുന്നത്.
നമ്മുടെ ശത്രു തിന്മയാണ്. വെറുപ്പ് തിന്മയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കളെ സ്നേഹംകൊണ്ടു മിത്രങ്ങളാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്ത മമ്മൂട്ടി സ്നേഹത്താൽ ബന്ധിതമായ നല്ല ലോകം ഉണ്ടാകട്ടേയെന്നും ആശംസിച്ചു.