പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ഐ നോബഡി പ്രദർശനത്തിനെത്തി. മികച്ച നിരൂപക പ്രേക്ഷക പ്രശംസ നേടുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.
സർക്കസ് എന്ന ഗാനം ചിത്രത്തിലെ നായകനായ പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ പൃഥ്വിരാജാണ് ആലപിച്ചത്. "പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താല്പര്യങ്ങളെയും ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു..." എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച് കൊണ്ടാണ് പൃഥ്വിരാജ് സർക്കസ് ഗാനം പുറത്തുവിട്ടത്.
ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയ് ഒരുക്കിയ ഗാനം രചിച്ചത് സെബാ ടോമിയാണ്. ഇതിന്റെ മുൻപ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തിയ മോഹൻലാൽ ചിത്രം എമ്പുരാനിലും അലംകൃത പാടിയിരുന്നു.
നിരൂപക - പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം സംവിധാനം ചെയ്യുന്ന ഐ നോബഡി പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി.വി. സാരഥിയും ചേർന്നാണ് നിർമ്മിക്കുന്നത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. പാർവതി അവതരിപ്പിക്കുന്ന മീരയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ഒരു ബാങ്ക് കവർച്ചയിൽ രാജീവൻ അബദ്ധത്തിൽ സാക്ഷിയാകുന്നതും തുടർന്ന് അയാളുടെ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം.