കട്ടപ്പന: ടൗണിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങൾ കൂട്ടായി എടുത്ത തീരുമാനങ്ങളാണെന്നും നഗരസഭ ഏകപക്ഷീയമായി നടപ്പാക്കുന്ന തീരുമാനങ്ങളാണെന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചെയർമാൻ ജോയി വെട്ടിക്കുഴി. പോലീസ്, ട്രാഫിക് കമ്മിറ്റി, കൗൺസിൽ യോഗം, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ, വിവിധ യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്ത യോഗം ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളാണ് നടപ്പാക്കിയത്.
ടൗണിലെ ട്രാഫിക് കുരുക്കിന് പ്രധാന കാരണം സെൻട്രൽ ജംഗ്ഷൻ, ഇടുക്കിക്കവല എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ ബസ് സ്റ്റോപ്പുകളാണെന്ന് യോഗം വിലയിരുത്തിയിരുന്നു. ഇപ്പോൾ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ബസ് സ്റ്റോപ്പ് മാറ്റുക, വെള്ളയാംകുടിയിലും കക്കാട്ടുകടയിലും ദിശാ ബോർഡുകൾ സ്ഥാപിക്കുക, ബസ് റൂട്ടിൽ മാറ്റം വരുത്തുക, ടിബി ജംഗ്ഷൻ - ട്രഷറി ജംഗ്ഷൻ റോഡ് വൺ വേ ആക്കുക, ബൈപാസ് എൻട്രൻസിൽ റൈറ്റ് ടേൺ ഒഴിവാക്കുക എന്നീ തീരുമാനങ്ങൾ ഒന്നാം ഘട്ടമായി ഓഗസ്റ്റ് ഒന്നു മുതൽ നടപ്പാക്കുന്നതിനാണ് ട്രാഫിക് കമ്മിറ്റി തീരുമാനിച്ചത്.
ടൗണിൽ വെയിറ്റിംഗ്ഷെഡ് ഇല്ലാത്തതിനാൽ വെയിറ്റിഗ് ഷെഡ് മാറ്റാനോ സ്ഥാപിക്കാനോ തീരുമാനം എടുത്തിട്ടില്ല. തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം നഗരസഭയ്ക്കും ട്രാഫിക് പോലീസിനുമാണ്.
ബസ് സ്റ്റോപ്പുകളിൽ പൈപ്പിൽ ഒരു ബോർഡ് വയ്ക്കുന്നതിനേക്കാൾ കുറച്ചുകൂടി ജനങ്ങൾ ശ്രദ്ധിക്കുന്നത് ഇപ്പോൾ വച്ചിരിക്കുന്ന രീതിയിലുള്ള ബോക്സ് ടൈപ്പ് ബോർഡുകൾ ആണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ബോർഡുകൾ സ്ഥാപിച്ചത്. പള്ളിക്കവലയിലെ ബസ് സ്റ്റോപ്പ് വ്യാപാര സ്ഥാപനങ്ങളോട് ചേർന്നല്ലാത്തതിനാൽ ചെറിയ വെയ്റ്റിംഗ് ഷെഡും പണിതിട്ടുണ്ട്.
ബസ് സ്റ്റോപ്പ് ബോക്സുകൾ വെയ്റ്റിംഷെഡ് അല്ല. പഴയ ബസ് സ്റ്റോപ്പുകളിലും വഴിയിലും കടത്തിണ്ണയിലുമാണ് ആളുകൾ നിന്നിരുന്നത്. ബസ് സ്റ്റോപ്പുകളോട് ചേർന്ന് സൗകര്യം ലഭിച്ചാൽ എല്ലാ സ്ഥലങ്ങളിലും വെയ്റ്റിംഗ് ഷെഡ് നിർമിക്കാൻ നഗരസഭ തയാറാണെന്നും ഡെപ്യൂട്ടി ചെയർപേഴ്സൺ ലിലാമ്മ ബേബി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിബി പാറപ്പായി, തോമസ് മൈക്കിൾ, ബീന സിബി എന്നിവരും പത്രസമ്മേളനത്തിൽ അറിയിച്ചു.