മാനന്തവാടി: പുതിയ ബസ് സ്റ്റാന്‍ഡിനായി നടപടികളുമായി മാനന്തവാടി നഗരസഭ. താഴെയങ്ങാടിയില്‍ രണ്ടേക്കളോളം സ്ഥലത്താണ് ബസ് സ്റ്റാന്‍ഡിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.
പ്രാഥമിക പരിശോധനയ്ക്കായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി കൈവശമുള്ള ഭൂമി വിട്ടുനല്‍കാന്‍ മാനന്തവാടി രൂപത സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ക്ക് വേഗതയേറിയത്.
ജില്ലാ പ്ലാനിംഗ് വകുപ്പ്, കൃഷിവകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, റവന്യു വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനയാണ് നടന്നത്. പദ്ധതി പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിര്‍മാണ സാധ്യതകളും ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.
പരിശോധന നടത്തിയ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കി ഉടന്‍തന്നെ സബ് കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഇതിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികളിലേക്ക് നഗരസഭ കടക്കുക. മാനന്തവാടിയുടെ സമഗ്ര വികസനത്തിന് മുതല്‍കൂട്ടി കൂട്ടാകും പുതിയ ബസ് സ്റ്റാന്‍ഡ് പദ്ധതി എന്നാണ് വിലയിരുത്തപ്പെടുന്നത്.