ന്യൂഡൽഹി: ഡൽഹിയിലെ കർകർദൂമ മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപം അലഞ്ഞുതിരിയുന്ന പശുവിനെ കണ്ടെത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. പ്രതീക് സൈനി എന്ന എക്സ് ഉപയോക്താവാണ് പശുവിന്റെ ചിത്രം പകർത്തി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ചത്. "മെട്രോ സ്റ്റേഷന് ചുറ്റും നടക്കുന്ന കാര്യങ്ങൾ" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഡൽഹി മെട്രോ അധികൃതർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ച ഡിഎംആർസി, സ്റ്റേഷൻ പരിസരത്ത് നിന്ന് അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തുരത്താൻ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.
വിഷയം ബന്ധപ്പെട്ട മുനിസിപ്പൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, ഇത്തരം കാര്യങ്ങളിൽ യാത്രക്കാർക്ക് പരാതികളും നിർദേശങ്ങളും സമർപ്പിക്കുന്നതിനുള്ള പ്രത്യേക ലിങ്കും ഡിഎംആർസി മറുപടിക്കൊപ്പം പങ്കുവെച്ചു.