ജെനീവ: മഞ്ഞുപൊഴിയുന്ന സ്വിറ്റ്സര്‍ലന്‍ഡിന്റെ മടിത്തട്ടില്‍ ലോക ചെസ് കിരീടത്തിനായുള്ള പോരാട്ടം. 2026 ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഓപ്പണ്‍ കിരീടത്തിനായി യൂത്ത് ഐക്കണുകളായ ഡി. ഗുകേഷും ജാവോഖിർ സിൻഡറോവും ഏറ്റുമുട്ടും. പോരാട്ടം നാളെ മുതലാണ് ആരംഭിക്കുന്നത്.
ഇന്നലെ ഇരുവരും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ഇന്നു ടെക്നിക്കല്‍ മീറ്റിംഗ് നടക്കും. 14 ഗെയിം നീളുന്ന ക്ലാസിക്ക് പോരാട്ടം നാളെ മുതല്‍ ഡിസംബര്‍ 11വരെ നടക്കും. ടൈബ്രേക്കര്‍ ആവശ്യമെങ്കില്‍ ഡിസംബര്‍ 12നായിരിക്കും അരങ്ങേറുക. അന്നുതന്നെയാണ് സമാപന സമ്മേളനവും.
യൂത്തന്മാര്
നിലവിലെ ചാമ്പ്യനാണ് ഇന്ത്യയുടെ ഡി. ഗുകേഷ്. തോല്‍വി അറിയാതെ ചലഞ്ചര്‍ ജയിച്ച് ചരിത്രം കുറിച്ചാണ് ഉസ്ബക്കിസ്ഥാന്റെ ജാവോഖിർ സിൻഡറോവിന്റെ വരവ്. ഇരുവര്‍ക്കും പ്രായം ഇരുപതു വയസ്. ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കിരീടപോരാട്ടമാണിതെന്നതും ശ്രദ്ധേയം.
ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഗുകേഷ്, സിൻഡറോവിനെ എങ്ങനെ നേരിടുമെന്നതിനായാണ് ചെസ് ലോകം ഉറ്റുനേക്കുന്നത്. 2710 റേറ്റിംഗ് പോയിന്റുള്ള ഗുകേഷ്, ലോക 26-ാം നമ്പറുകാരനാണ്. 2782 റേറ്റിംഗുള്ള സിൻഡറോവ് ലോക നാലാം നമ്പര്‍ താരവും.
മത്സരം നാളെ 7.30 pm
ഇന്ത്യന്‍ സമയം നാളെ രാത്രി 7.30നാണ് ഗുകേഷ് x സിൻഡറോവ് ഒന്നാം പോരാട്ടം. ടൈബ്രേക്കര്‍ അടക്കമുള്ള എല്ലാ റൗണ്ടുകളും ഇതേ സമയത്താണ് അരങ്ങേറുക. ഓരോ മൂന്നു ഗെയിമുകള്ക്കുശേഷവും ഒരു വിശ്രമദിനം ഉണ്ട്.
23.18 കോടി രൂപയാണ് (2.5 മില്യണ്‍ ഡോളര്‍) സമ്മാനത്തുക. ഒരു ഗെയിം ജയിച്ചാല്‍ രണ്ടു ലക്ഷം ഡോളര്‍ സമ്മാനമായി ലഭിക്കും.