ഹൈദരാബാദ്: തെലുങ്കാനയിലെ അദിലാബാദ് ജില്ലയിൽ യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയാനെത്തിയ യുവതിയുടെ ഭർത്താവിനെ സംഘം ചേർന്ന് പരിക്കേൽപ്പിക്കുകയും ചെയ്തു. ഷെയ്ഖ് സലീം, ഷെയ്ഖ് റഷീദ്, സോഹൽ, ഷെയ്ഖ് ഹനീഫ്, ഷെയ്ഖ് ഇദ്രിസ് എന്നിവരാണ് പിടിയിലായത്.
വീട്ടുമുറ്റത്ത് വസ്ത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഷെയ്ഖ് സലീം എത്തുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭർത്താവ് പ്രതിയെ തടയാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഉടൻ തന്നെ ഷെയ്ഖ് റഷീദ്, സോഹൽ, ഷെയ്ഖ് ഹനീഫ്, ഷെയ്ഖ് ഇദ്രിസ് എന്നിവരെ ഷെയ്ഖ് സലീം വിളിച്ചുവരുത്തി. സംഭവസ്ഥലത്തെത്തിയ സംഘം യുവതിയുടെ ഭർത്താവിനെ വടികളും കല്ലുകളും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. പ്രധാന പ്രതിയായ ഷെയ്ഖ് സലീമിനെതിരെ ബലാത്സംഗശ്രമത്തിനും കൂടെയുണ്ടായിരുന്ന മറ്റ് നാല് പേർക്കെതിരെ വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.