തിരുവനന്തപുരം: സിഎംആർഎല്ലിൽനിന്ന് വീണ വിജയൻ പണം വാങ്ങിയത് കരാർ പ്രകാരം നൽകിയ സേവനത്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്നാൽ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് നിയമാനുസൃതമല്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതാക്കളുടെ ബന്ധുക്കൾ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് പാർട്ടിക്ക് അറിയേണ്ട കാര്യമില്ല. സർക്കാരിലേക്ക് നികുതി ഉൾപ്പെടെ അടച്ച് പണം സ്വീകരിച്ച വീണയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോൾ മറ്റുള്ളവർക്ക് ഇളവ് അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് ഇഡിക്ക് വ്യക്തമായതോടെയാണ് പുതിയ ഹവാല കഥയുമായി അവർ രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റെഡ് ബുക്ക് ഉണ്ടെന്നും പണം വിദേശത്തേക്ക് അയച്ചെന്നും വീണ മൊഴി നൽകിയെന്നുമുള്ള ഇഡി വാദങ്ങൾ ശുദ്ധകളവാണ്. 1.78 കോടിയുടെ കാര്യം പറയാതെ പുതിയ കഥകൾ മെനയുന്നത് ഇടതുപക്ഷത്തെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനാണ്. വീണയെ ചോദ്യം ചെയ്തപ്പോൾ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല.
പി.എ. മുഹമ്മദ് റിയാസിന്റെ വാട്സാപ് ഗ്രൂപ്പിനെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി ഇഡി പറയുന്നതും തികച്ചും തെറ്റാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഇടപാടുകൾ മറച്ചുവെച്ച് ഇഡിയെ ഉപയോഗിച്ച് മുന്നോട്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തപ്പോൾ സിപിഎം എതിർത്തു. എന്നാൽ കേരളത്തിൽ ഇതേ ഇഡിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.