International
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി.
ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്. കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും. ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്.
ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്. ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Leader Page
ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറി ‘കോക്രോച്ച് ജനതാ പാർട്ടി.’ പാറ്റ പാർട്ടി സോഷ്യൽ മീഡിയയിൽ വൈറലായെന്നു പറഞ്ഞാൽ പോരാ, സൂപ്പർ മെഗാ ഹിറ്റാണ്. കേന്ദ്രസർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരേ പുകയുന്ന ജനരോഷത്തിന്റെ പ്രതിഫലനമായ പ്രതിഭാസം. ഏതായാലും പാറ്റാക്കൂട്ടങ്ങൾ സോഷ്യൽ മീഡിയയിൽ തീയായി ആളിപ്പടരുകയാണ്.
ജെൻസി വൈബിൽ പാറ്റാപ്പട പെരുകിയപ്പോൾ കേന്ദ്രസർക്കാർ പകച്ചു, ഞെട്ടി, ഭയന്നു, വിറച്ചു. സമൂഹമാധ്യങ്ങളിൽ സെൻസേഷൻ ആയ കോക്രോച്ച് ജനതാ പാർട്ടിയെന്ന സിജെപിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതോടെ കേന്ദ്രസർക്കാരിന്റെ വെപ്രാളം വെളിപ്പെട്ടു. പുതുവിസ്മയമായി ചരിത്രം തിരുത്തിയ പാറ്റ പാർട്ടിയെന്ന പ്രതിഭാസത്തിന്റെ വൻകുതിപ്പു തടയാനാകാതെ വെപ്രാളത്തിലാണു കേന്ദ്രം.
ഊരാക്കുടുക്കിൽ കേന്ദ്രം
ആറു ദിവസത്തിൽ രണ്ടു കോടിയോളം പേർ പിന്തുടർന്ന ഇൻസ്റ്റയിലും പാറ്റകളുടെ പടയെ നിരോധിക്കാനുള്ള ആലോചനയിലാണു മോദി സർക്കാർ. 2,00,000ലേറെ പേർ ഫോളോ ചെയ്തു തുടങ്ങിയ എക്സിലെ ഹാൻഡിൽ സുരക്ഷയുടെ പേരിൽ തടഞ്ഞെങ്കിലും പകരം തുടങ്ങിയ എക്സ് അക്കൗണ്ടും കേന്ദ്രത്തെ ഊരാക്കുടുക്കിലാക്കി. കൂടുതൽ ആവേശത്തോടെയാണ് എക്സിലെ പുതിയ സിജെപിയെ യുവത പിന്തുടരുന്നത്.
ഇന്ത്യയിൽ 23 ലക്ഷം വിദ്യാർഥികളുടെ ഭാവി ദുരിതത്തിലും ആശങ്കയിലുമാക്കിയ മെഡിക്കൽ നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന സിജെപിയുടെ ആവശ്യത്തിനു ലഭിക്കുന്ന ജനപിന്തുണ സർക്കാരിന് അവഗണിക്കാനാകില്ല. തൊഴിലില്ലായ്മയാണു സിജെപി ഉയർത്തുന്ന മറ്റൊരു പ്രധാന പ്രശ്നം.
പതിവ് വ്യാജപ്രചാരണം
കോക്രോച്ച് ജനതാ പാർട്ടിക്ക് ഫോളോവേഴ്സിന്റെ എണ്ണം ഓരോ മണിക്കൂറിലും കൂടുകയാണ്. നിരോധിക്കുംതോറും ഇന്ത്യയിലെ ചെറുപ്പക്കാർ കൂടുതൽ ആവേശത്തിലും രോഷത്തിലുമാണ്. അതിവേഗം പെരുകുന്ന പാറ്റക്കൂട്ടങ്ങളെപ്പോലെ പാറ്റ പാർട്ടിയും ശരവേഗത്തിൽ മുന്നേറുകയാണ്. നിരോധിച്ചാലും പാറ്റകൾ പെരുകും. രാജ്യസുരക്ഷയല്ല, ബിജെപി സർക്കാരിന്റെ ഭാവിക്കാണു ഭീഷണിയെന്നു സിജെപി ആരാധകർ പറയുന്നു. പതിവുപോലെ ബിജെപി അനുകൂലികൾ വ്യാജപ്രചാരണം തുടങ്ങി.
സിജെപിയുടെ ഫോളോവേഴ്സിൽ 49 ശതമാനം പേരും പാക്കിസ്ഥാനികളാണെന്ന് ആരോപിക്കുന്ന ഗ്രാഫിക്സ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റയിലും എക്സിലും വ്യാപകമായി പ്രചരിപ്പിച്ചു. 14 ശതമാനം യുഎസിൽനിന്നും ബംഗ്ലാദേശിൽനിന്നുമാണെന്നും വെറും ഒന്പതു ശതമാനം പേർ മാത്രമേ ഇന്ത്യയിൽനിന്നുള്ളൂവെന്നുമാണു പ്രചരിപ്പിച്ചത്. എന്നാൽ, ഇൻസ്റ്റയിലെ ഫോളോവേഴ്സിൽ 94 ശതമാനം പേരും ഇന്ത്യക്കാരാണെന്നു പേജിന്റെ സ്രഷ്ടാവ് അഭിജീത് ദിപ്കെ അറിയിച്ചു. ഇൻസ്റ്റഗ്രാമിന്റെ മാതൃകന്പനിയായ മെറ്റ ഡേറ്റ നൽകിയിട്ടുമില്ല.
ഓർവെലിന്റെ ആനിമൽ ഫാം
വിഖ്യാത ആംഗലേയ സാഹിത്യകാരൻ ജോർജ് ഓർവെലിന്റെ ആക്ഷേപഹാസ്യ നോവലായ ‘ആനിമൽ ഫാം’ ഓർക്കാതിരിക്കില്ല. മോശമായി പെരുമാറുന്ന കാർഷികമൃഗങ്ങൾ തുല്യവും സ്വതന്ത്രവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് അവയുടെ മനുഷ്യ യജമാനനെ അട്ടിമറിക്കുന്നതാണ് ഇതിവൃത്തം. എങ്കിലും, വിപ്ലവം വഞ്ചിക്കപ്പെടുന്നു. പന്നികൾ ചരിത്രം കൈകാര്യം ചെയ്യുന്നു. കൽപ്പനകൾ മാറ്റിയെഴുതുന്നു, വിദ്യാഭ്യാസം കുറഞ്ഞ മൃഗങ്ങളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യാൻ പ്രചാരണം ഉപയോഗിക്കുന്നു!
മനുഷ്യവസ്ത്രം ധരിച്ച് പന്നികൾ കർഷകരുമായി ഇടപഴകാൻ തുടങ്ങുന്നു. പന്നികളെയും മനുഷ്യരെയും വേർതിരിച്ചറിയാൻ മറ്റു മൃഗങ്ങൾക്കു കഴിയുന്നില്ല. എല്ലാ മൃഗങ്ങളും തുല്യരാണ്, പക്ഷേ ചില മൃഗങ്ങൾ മറ്റുള്ളവയേക്കാൾ കേമമാണെന്ന പരിഹാസമാണു ശ്രദ്ധേയം. പന്നികളുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ, ഫാം ഒടുവിൽ മറ്റുള്ളവരെ അടിച്ചമർത്തുന്ന പൂർണ ഏകാധിപത്യ അവസ്ഥയിലേക്കു വഴുതിവീഴുന്നു.
വെട്ടിലായി ചീഫ് ജസ്റ്റീസ്
സന്പൂർണ നിയന്ത്രണത്തിലൂടെ ആദർശവാദികളെ എങ്ങനെ ദുഷിപ്പിക്കാമെന്ന് ഓർവെലിന്റെ നോവലിൽ തെളിയുന്നു. സിജെപിയുടെ എക്സ് ഹാൻഡിൽ തടഞ്ഞതുമായി ഇതിനു നേരിട്ടു ബന്ധമില്ലായിരിക്കാം. വിപ്ലവകാരികൾ പലപ്പോഴും അവർ ഒരിക്കൽ പോരാടിയ സ്വേച്ഛാധിപതികളായി മാറുന്നതെങ്ങനെയെന്നു നോവലിൽ ചിത്രീകരിച്ചിട്ടുണ്ട്. ആഡംബരത്തിൽ ജീവിച്ചുകൊണ്ടു ഭരണവർഗം തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നു. 1945ൽ പ്രസിദ്ധീകരിച്ച ആനിമൽ ഫാമിന്റെ മുന്നറിയിപ്പ് ഇന്നും പ്രസക്തമാണ്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചെറുപ്പക്കാരെക്കുറിച്ചു നടത്തിയ പരാമർശത്തോടുള്ള രോഷമാണ് കോക്രോച്ച് പാർട്ടിക്കു ലഭിച്ച സ്വീകാര്യത. മേയ് 15ലെ ചീഫ് ജസ്റ്റീസിന്റെ ‘പരാന്നഭോജികൾ’, ‘കോക്രോച്ച്സ്’ എന്നീ അനുചിത പരാമർശങ്ങൾക്ക് അദ്ദേഹം വിശദീകരണം നൽകി. വ്യാജ ബിരുദധാരികളെ ഉദ്ദേശിച്ചാണു പരാമർശമെന്നും ഇന്ത്യയിലെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും സൂര്യകാന്ത് പറഞ്ഞു. ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യവും വിമർശിക്കാനും തിരുത്തിക്കാനുമുള്ള ജനങ്ങളുടെ അവകാശവും സംരക്ഷിക്കേണ്ട ചീഫ് ജസ്റ്റീസ് തമാശയായിപ്പോലും കോടതിയിൽ പറയരുതാത്ത ആക്ഷേപമാണ് ഉണ്ടായതെന്നു യുവത വിശ്വസിക്കുന്നു.
പാറ്റകളും പരാദങ്ങളുമല്ല ജനം
“... സിസ്റ്റത്തെ ആക്രമിക്കുന്ന പരാന്നഭോജികൾ ഇതിനകംതന്നെയുണ്ട്. നിങ്ങൾ അവരോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നു. തൊഴിൽ ലഭിക്കാത്ത പാറ്റകളെപ്പോലെയുള്ള ചെറുപ്പക്കാരുണ്ട്... അവരിൽ ചിലർ മാധ്യമങ്ങളായി മാറുന്നു. ചിലർ സോഷ്യൽ മീഡിയ ആയി മാറുന്നു. ചിലർ വിവരാവകാശ പ്രവർത്തകരായി മാറുന്നു. എല്ലാവരെയും അവർ ആക്രമിക്കാൻ തുടങ്ങുന്നു” എന്ന ചീഫ് ജസ്റ്റീസിന്റെ വായ്മൊഴിയാണു വിവാദമായത്. മുതിർന്ന അഭിഭാഷകരുടെ നിയമനം സംബന്ധിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെ, ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ഒരഭിഭാഷകനെ വിമർശിക്കുന്നതിനിടയിലായിരുന്നു പരാമർശം.
“പൗരന്മാരെ പാറ്റകളും പരാദങ്ങളുമായാണ് അധികാരത്തിലിരിക്കുന്നവർ കരുതുന്നത്. പാറ്റകൾ ചീഞ്ഞ സ്ഥലങ്ങളിലാണു പെരുകുന്നതെന്ന് അവർ അറിയണം. ഇന്നത്തെ ഇന്ത്യ അങ്ങനെയാണ്” -സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ ചിക്കാഗോയിൽ വിശദീകരിച്ചു. കോക്രോച്ച് ജനതാ പാർട്ടിയെ ജെൻസി തലമുറ നെഞ്ചിലേറ്റിയതിൽ അദ്ഭുതമില്ല. എങ്കിലും ഇത്രയധികം രോഷം ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിലുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് അഭിജീത് പറഞ്ഞു. എല്ലാ പാറ്റകളും ഒന്നിച്ചു ചേർന്നാൽ എന്തിനെയും ആരെയും തകർക്കും. കോടിക്കണക്കിനു പാറ്റകൾ ഭരണ സംവിധാനങ്ങളിലൂടെ കടന്നുകയറിയാൽ പിടിച്ചുനിൽക്കാനാകില്ലെന്ന് അഭിജീത് ചൂണ്ടിക്കാട്ടി.
National
മുംബൈ: വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. മുംബൈ - അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത പരിപ്പിലും ചോറിലുമാണു പാറ്റയെ കണ്ടെത്തിയത്. ആർകെ ഗ്രൂപ്പിനു കീഴിലുള്ള വൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് വിതരണം ചെയ്ത ഭക്ഷണമാണിത്.
സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവേ കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി. നേരത്തേയും വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. മോശം ഭക്ഷണം യാത്രക്കാർക്ക് നൽകിയ സംഭവങ്ങളിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനെതിരെ (ഐആർസിടിസി) കർശന നടപടിയാണ് ഇന്ത്യൻ റെയിൽവേ സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം പാട്നയിൽനിന്ന് ടാറ്റാനഗറിലേക്ക് വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ലഭിച്ച അമുൽ ദഹി കപ്പിൽ പുഴുക്കളെ കണ്ടത് വൻ വിവാദമായിരുന്നു. ചെറിയ പുഴുക്കൾ നിറഞ്ഞ ഭക്ഷണത്തിന്റെ വീഡിയോ ഒരു യാത്രക്കാരൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. എന്നാൽ ഇത് ‘കുങ്കുമപ്പൂവ്’ ആണെന്ന് പറഞ്ഞായിരുന്നു ജീവനക്കാർ യാത്രക്കാരനോട് തർക്കിച്ചത്. തുടർന്ന് 60 ലക്ഷം രൂപ റെയിൽവേ പിഴയിടുകയും ചെയ്തു. ഐആർസിടിസിക്കും സ്വകാര്യ ഭക്ഷണ വിതരണ കമ്പനിക്കും എതിരെയാണ് നടപടി സ്വീകരിച്ചത്.