ആലപ്പുഴ: അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കയർഫാക്ടറി മേഖലയിൽ ഇന്ന് സൂചനാ പണിമുടക്ക്. സിഐടിയു നേതൃത്വത്തിൽ പണിമുടക്കുന്ന തൊഴിലാളികൾ രാവിലെ 10ന് തിരുവിഴയിലെ കയർ ഷിപ്പേഴ്സ് കൗൺസിൽ ഓഫിസിലേക്കു മാർച്ച് നടത്തും.സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനംചെയ്യും. കയർഫാക്ടറി തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുക , മുഴുവൻ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, ഇഎസ്ഐ പരിധി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
കരാർ തൊഴിലാളികൾക്ക് അംഗീകൃത കൂലിയും അവകാശങ്ങളും ഉറപ്പാക്കുക, ഇഎസ്ഐ പരിധിക്കു മുകളിലുള്ള തൊഴിലാളികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷയും ചികിത്സാ പദ്ധതിയും ഏർപ്പെടുത്തുക , വിരമിച്ച തൊഴിലാളികൾക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങളും മറ്റവകാശങ്ങളും നൽകുക, വ്യവസായത്തിനാവശ്യമായ ചകിരിയും കയറും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, കയർ സംഘങ്ങൾക്ക് ആവശ്യമായ പ്രവർത്തന മൂലധനവും ഗ്രാൻഡും അനുവദിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.