കൊരട്ടി: വിബി - ജി.റാംജി പദ്ധതിയുടെ ഭാഗമായി കൊരട്ടി ഗ്രാമപഞ്ചായത്തിലെ മല്ലഞ്ചിറ കുളത്തിൽ നിന്നുള്ള തോടിന്റെ പാർശ്വഭിത്തി സംരക്ഷണ പ്രവൃത്തി ആരംഭിച്ചു. ഏകദേശം 200 മീറ്റർ നീളത്തിൽ കയർ ഭൂവസ്ത്രം വിരിച്ചാണ് സംരക്ഷണ പ്രവർത്തനം നടത്തുന്നത്.
മണ്ണൊലിപ്പ് തടയുക, തോടിന്റെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുക, ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യം. 3,70,100 രൂപയാണ് എസ്റ്റിമേറ്റ് തുക. ഇതിൽ 2,68,285 രൂപ കൂലിയിനത്തിൽ ചെലവഴിക്കുന്നതിലൂടെ 665 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാകും.
പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി സ്കറിയ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫിൻസോ തങ്കച്ചൻ, പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത, അസി. സെക്രട്ടറി കെ.ഡി. ഇന്ദു, പദ്ധതി അസി. എൻജിനീയർ ഹരിതലക്ഷ്മി, ഓവർസിയർ ശ്രീജ എന്നിവർ പ്രസംഗിച്ചു.