സ്റ്റോക്ക്ഹോം: യൂറോപ്പിലെ സൂപ്പർ മാർക്കറ്റുകളിൽ വീണ്ടും സൈബർ ആക്രമണം. സ്വീഡൻ, ബെൽജിയം, ലക്സംബർഗ്, എസ്റ്റോണിയ എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലെ ഫ്രീസറുകളിലും ഫ്രിഡ്ജുകളിലും താപനില ഉയർത്തി സാധനങ്ങൾ നശിപ്പിച്ചു.
സൈബർ ആക്രമണമാണെന്നാണു കരുതുന്നത്. കഴിഞ്ഞയാഴ്ച ഫ്രാൻസിലെ നൂറുകണക്കിനു സൂപ്പർ മാർക്കറ്റുകൾ സമാന ആക്രമണം നേരിട്ടിരുന്നു.
ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും താപനില നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിന്റെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കിയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
സ്വീഡിഷ് സൂപ്പർ മാർക്കറ്റ് ശൃംഖലയായ ഐസിഎ ക്വാന്റ് അവരുടെ ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്ക് ചെയ്യപ്പെട്ടതായും താപനില 50 ഡിഗ്രി സെൽഷ്യസായി ക്രമീകരിച്ചതായും ഫേസ്ബുക്കിൽ അറിയിച്ചു.
തങ്ങളുടെ ആറ് സ്റ്റോറുകളിൽ പ്രശ്നമുണ്ടായതായി ‘കൂപ്’ അറിയിച്ചു. ബെൽജിയത്തിലും ലക്സംബർഗിലുമായി നിരവധി സ്റ്റോറുകളിലെ ശീതീകരണ സംവിധാനങ്ങളെ സൈബർ ആക്രമണം ബാധിച്ചതായി ‘ഡെൽഹൈസ്’ സൂപ്പർ മാർക്കറ്റ് ശൃംഖല അറിയിച്ചു.
ബെൽജിയത്തിലെ കാരിഫോറിന്റെ സ്റ്റോറുകളിലും പ്രശ്നങ്ങളുണ്ടായി. എന്നാൽ ഇവരുടെ 17 സ്റ്റോറുകളെ മാത്രമാണിത് ബാധിച്ചത്.