മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം ജംഗ്ഷനില്‍ വാഹനമിടിച്ച് തകര്‍ന്നുവീണ ഹൈമാസ്റ്റ് ലൈറ്റ് റോഡരികില്‍ നിന്ന് നീക്കം ചെയ്യാത്തത് വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നു. അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഹൈമാസ്റ്റ് ലൈറ്റ് നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
റോഡിനോടു ചേര്‍ന്ന് ഹൈമാസ്റ്റ് ലൈറ്റ് കിടക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവുള്ള സമയത്ത് കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും പോസ്റ്റില്‍ തട്ടി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
ജംഗ്ഷനിലെ പ്രധാന ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്നതോടെ രാത്രിയില്‍ പ്രദേശം ഇരുട്ടിലായെന്നും നാട്ടുകാര്‍ ആരോപിച്ചു. റോഡരികില്‍ തടസമായി കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി നീക്കം ചെയ്ത് ഗതാഗത സൗകര്യം സുഗമമാക്കണമെന്നും, പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് ജംഗ്ഷനിലെ വെളിച്ചക്കുറവ് പരിഹരിക്കണമെന്നും പ്രദേശവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു.