കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തോട് ചേർന്നുള്ള 4.678 ഏക്കർ സ്ഥലം സെന്റ് ആൽബർട്സ് കോളജിന് പതിച്ചു നൽകുന്നു. പാട്ടക്കരാർ വ്യവസ്ഥയിൽ 43 വർഷമായി കോളജ് കൈവശം വച്ചിരുന്ന സ്ഥലമാണ് ഇപ്പോൾ പതിച്ചു നൽകുന്നത്. കളക്ടറുടെ തീരുമാനത്തെ ജിസിഡിഎ എതിർത്തെങ്കിലും സർക്കാർ ഉത്തരവുള്ളതിനാൽ ശുഭപ്രതീക്ഷയിലാണ് കോളജ് മാനേജ്മെന്റ്. സ്ഥലം കൈമാറുന്നത് സംബന്ധിച്ച് അഞ്ചോളം ഉത്തരവുകളുണ്ടെന്നും അതു നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കോളജ് മാനേജർ ഫാ. ആന്റണി തോപ്പിൽ പറഞ്ഞു.
തൂശൻപറമ്പ് എന്ന സ്ഥലത്തുണ്ടായിരുന്ന ഏഴ് ഏക്കറോളം വരുന്ന കോളജിന്റെ കളിസ്ഥലം സിഎംഎഫ്ആർഐയുടെ നിർമാണത്തിനായി സർക്കാർ ഏറ്റെടുത്തതിന് പകരമായാണ് കലൂരിൽ സ്റ്റേഡിയത്തിന് മുമ്പിലുള്ള 4.678 ഏക്കർ സ്ഥലം 1983 ൽ പാട്ടക്കരാർ വ്യവസ്ഥയിൽ കോളജിന് നൽകിയത്. 43 വർഷമായി ഈ സ്ഥലം കോളജ് കളിസ്ഥലമായി ഉപയോഗിച്ചുവരികയായിരുന്നു. മെട്രോ പദ്ധതിക്കായി 2015ൽ 88 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി അതുവരെയുണ്ടായിരുന്ന എല്ലാ പാട്ടക്കുടിശികയും സർക്കാർ എഴുതിത്തള്ളി. കൂടാതെ ഏറ്റെടുത്ത സ്ഥലത്തിന് പകരമായ 88 സെന്റ് സ്ഥലം നൽകാനും തീരുമാനമുണ്ടായി.
സ്ഥലം ഏറ്റെടുത്തതിന് ശേഷമുള്ള 3.80 ഏക്കർ സ്ഥലം സെന്റ് ആൽബർട്സ് കോളജിന് പട്ടയം അനുവദിച്ചുകൊണ്ട് 2016 ൽ യുഡിഎഫ് സർക്കാർ ഉത്തരവിറക്കി. തുടർന്നു വന്ന എൽഡിഎഫ് സർക്കാർ ഉത്തരവ് മരവിപ്പിച്ചെങ്കിലും 2022 മാർച്ചിൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ ഉത്തരവുകൾ റെഗുലറൈസ് ചെയ്യണമെന്ന് കോളജ് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് 2026 മാർച്ച് 15ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് ഭൂമി കോളജിന്റെ പേരിൽ പതിച്ചു നൽകാൻ റവന്യു വകുപ്പ് ഉത്തരവിറക്കി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസത്തിനുശേഷമാണ് ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തിയത്. കഴിഞ്ഞ മൂന്നിന് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 88 സെന്റ് സ്ഥലം കൈമാറുന്നതിനും സ്ഥലത്തിന് പട്ടയം നൽകാനും തീരുമാനിച്ചു. ജിസിഡിഎയുടെ പക്കലുള്ള 88 സെന്റ് സ്ഥലം ഉൾപ്പെടെ 4.68 ഏക്കർ സ്ഥലമാണ് പതിച്ചു നൽകാൻ ഉത്തരവിട്ടത്. സ്ഥലം വിട്ടു നൽകുന്നതിനോട് ജിസിഡിഎ എതിർപ്പറിയിച്ചെങ്കിലും കളക്ടർ വഴങ്ങിയില്ല. തുടർന്ന് ജിസിഡിഎ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
സ്ഥലം കോളജിന് സ്ഥലം കോളജിന് അവകാശപ്പെട്ടത് : മാനേജർ
കൊച്ചി: വിട്ടുനൽകിയ സ്ഥലത്തിന് പകരമായി ലഭിച്ച സ്റ്റേഡിയത്തിന് സമീപത്തെ 4.68 ഏക്കർ സ്ഥലം കോളജിന് അവകാശപ്പെട്ടതാണെന്ന് സെന്റ് ആൽബർട്സ് കോളജ് മാനേജർ ഫാ. ആന്റണി തോപ്പിൽ. 43 വർഷമായി കോളജ് കളിസ്ഥലമായി ഉപയോഗിച്ചു വരുന്ന സ്ഥലമാണിത്.ചതുപ്പായി കിടന്ന സ്ഥലം കോളജ് മാനേജ്മെന്റ് ഫണ്ടുകൾ ഉപയോഗിച്ച് വികസിപ്പിച്ചത് കോളജാണ്. 4000ത്തോളം വിദ്യാർഥികളാണ് കോളജിൽ പഠിക്കുന്നത്. സർക്കാർ ഉത്തരവുകൾ പ്രകാരം അനുവദിച്ചു കിട്ടിയ ഈ സ്ഥലമല്ലാതെ അവർക്ക മറ്റ് കളിസ്ഥലങ്ങളില്ല. നിയമപ്രകാരം ലഭിക്കേണ്ട അവകാശത്തെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യുവകുപ്പിന് കത്ത് നൽകി ജിസിഡിഎ
കളക്ടറുടെ ഉത്തരവിനെതിരെ റവന്യുവകുപ്പിന് കത്ത് നൽകി ജിസിഡിഎ. നിയമ വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം കൈമാറാണ് സർക്കാർ ഇറക്കിയ ഉത്തരവിലുള്ളത്. എന്നാൽ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തതക്കുറവുണ്ടെന്ന് ജിസിഡിഎ സെക്രട്ടറി പറഞ്ഞു. മറ്റ് സ്ഥലം ഇല്ലാത്തതിനാലാണ് ജിസിഡിഎ സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതെന്നാണ് കളക്ടർ വ്യക്തമാക്കിയത്. വികസനപ്രവർത്തനത്തിന് ഭൂമി ഏറ്റെടുക്കാൻ പാട്ടക്കരാറിൽ വ്യവസ്ഥയുണ്ടെന്നും പകരം ഭൂമി കൈമാറണമെന്ന് കരാർ വ്യവസ്ഥയിൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.