വാൽനക്ഷത്രങ്ങളും ഭൂമിയിലെ ജീവനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്, നൂറിലേറെ വർഷം! ഈ നിഗമനം തെറ്റാണെന്നാണു പുതിയ പഠനം തെളിയിക്കുന്നത്! നമ്മുടെ ഗ്രഹത്തിൽ, ജീവന്റെ ഉത്ഭവത്തിനു കാരണമായ രാസതന്മാത്രകൾ എത്തിച്ചതു വാൽനക്ഷത്രങ്ങളാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ വ്യക്തമാക്കി. ജീവന് ആധാരമാകുന്ന ഘടകങ്ങൾ സുരക്ഷിതമായി ഭൂമിയിലെത്തിക്കാൻ വാൽനക്ഷത്രങ്ങൾക്കു കഴിയില്ലത്രെ! അന്താരാഷ്ട്ര ശാസ്ത്രമാസികയിലാണു പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
കാർബൺ, നൈട്രജൻ തന്മാത്രകൾ വഹിച്ചുകൊണ്ടു വാൽനക്ഷത്രങ്ങൾ ഭൂമിയിൽ പതിച്ചതാണു ജീവന്റെ ഉത്ഭവത്തിനു കാരണമെന്നാണു ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാൽ, കേൾക്കാൻ മനോഹരമായ ആശയം മാത്രമാണിതെന്ന് കേംബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയിലെ ഗവേഷകൻ ഡോ. റിചാർഡ് ആൻസ്ലോ പറഞ്ഞു. വാൽനക്ഷത്രം ഗ്രഹത്തിൽ വന്നു പതിക്കുമ്പോഴുണ്ടാകുന്ന കടുത്തചൂടും അമിതമായ അന്തരീക്ഷമർദവും ഓർഗാനിക് തന്മാത്രകളെ നിമിഷനേരം കൊണ്ടു പൂർണമായും നശിപ്പിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.