ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ 57-ാമത് ശ്രാദ്ധപ്പെരുന്നാള്‍ ആചരണത്തിന് അദ്ദേഹം കബറടങ്ങിയിരിക്കുന്ന മെത്രാപ്പോലീത്തന്‍ പള്ളിയിൽ ഇന്ന് നടക്കും. രാവിലെ മുതല്‍ വൈകുന്നേരംവരെ തുടര്‍ച്ചയായി വിശുദ്ധകുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. ശ്രാദ്ധപ്പെരുന്നാളിന് വിതരണം ചെയ്യാനുള്ള പൊതിച്ചോറുകളുമായാണ് വിശ്വാസീ സമൂഹം പള്ളിയില്‍ എത്തിച്ചേരുന്നത്.
രാവിലെ 5.30ന് വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജേക്കബ് ചീരംവേലില്‍, ഏഴിന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, 8.30ന് ഫാ. ജയിംസ് പാലയ്ക്കല്‍, ഫാ. ജയിംസ് കുന്നില്‍, ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, 9.45ന് മാര്‍ കാവുകാട്ടില്നിന്നും പൗരോഹിത്യം സ്വീകരിച്ച വൈദികര്‍, 11ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.
12.15ന് പൊതിച്ചോര്‍ നേര്‍ച്ച ആശീര്‍വാദം. ഉച്ചകഴിഞ്ഞ് 3.15ന് അതിരൂപത കൂരിയയിലെ വൈദികരും അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയും വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ ജീവിതത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ വിവരിക്കുന്ന മാര്‍ കാവുകാട്ട് മ്യൂസിയം വിശ്വാസീ സമൂഹത്തിനു കാണുന്നതിന് അവസമുണ്ടായിരിക്കും.