മുംബൈയിലെ ഏറ്റവും ആഡംബര പ്രദേശമായ ജുഹുവിൽ 80 കോടി രൂപ വിലമതിക്കുന്ന ബീച്ച് ഫ്രണ്ട് വസതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിയൽ എസ്റ്റേറ്റ് ഉപദേഷ്ടാവായ ഫിറോസ് മോമിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വീടിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ജുഹു താരാ റോഡിൽ അറബിക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിൽ നിന്നു നേരിട്ട് കടലിലേക്കിറങ്ങാൻ സാധിക്കും എന്നതാണ് പ്രധാന സവിശേഷത. 5,600 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഫ്ലാറ്റിൽ അഞ്ച് ബെഡ്റൂമുകളും നാല് കാർ പാർക്കിംഗ് സ്ലോട്ടുകളും ഏകദേശം 400 ചതുരശ്ര അടി വിസ്തൃതിയുള്ള സ്വകാര്യ ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, ബാങ്ക്വറ്റ് ഹാൾ, ജോഗിംഗ് ട്രാക്ക്, ലാൻഡ്സ്കേപ്പ് ഗാർഡനുകൾ എന്നിവയും ഈ ആഡംബര സമുച്ചയത്തിലുണ്ട്.
ഫ്രീഹോൾഡ് പ്ലോട്ടിൽ നിർമിച്ചിരിക്കുന്ന ഈ ബെയർ-ഷെൽ അപ്പാർട്ട്മെന്റ് സ്വന്തം താൽപര്യത്തിനനുസരിച്ച് ഇന്റീരിയർ ഡിസൈൻ ചെയ്തെടുക്കാനും സാധിക്കും. എന്തായാലും 80 കോടിയുടെ ആഡംബര ഫ്ലാറ്റിന്റെ വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളാണ് വരുന്നത്. 'ഇതിന് മൂന്ന് ജന്മത്തിന്റെ ഇഎംഐ അടക്കേണ്ടി വരുമോ?' എന്നായിരുന്നു ഒരാളുടെ ആശങ്ക.'തിങ്കളാഴ്ച ശമ്പളം വന്നിട്ടെ ഞാൻ ഇത് വാങ്ങാൻ വരുന്നുള്ളൂ' എന്നാണ് മറ്റൊരാളുടെ തമാശ രൂപേണയുള്ള കമന്റ്. 'എന്റെ പക്കൽ 20 രൂപ കുറവാണ്, അല്ലെങ്കിൽ ഞാൻ ഇത് എപ്പോഴേ വാങ്ങിയേനെ' എന്നും ചിലർ കുറിച്ചു.
എന്തായാലും മുംബൈയിലെ ഈ കോടികളുടെ ആഡംബര വസതിയും അതിന് താഴെ വരുന്ന രസകരമായ കമന്റുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.