തിരുവനന്തപുരം: സംസ്ഥാനാന്തര ചരക്കുനീക്കത്തിനു വ്യാജ ചെല്ലാനിലൂടെ നികുതിവെട്ടിപ്പ് നടത്തിയ കേസിൽ വാണിജ്യ നികുതി വകുപ്പിലെ മുൻ ഉദ്യോഗസ്ഥയടക്കം മൂന്നുപേർക്ക് കഠിനതടവും പിഴയും.
നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫിസിലെ മുൻ ജൂനിയർ സൂപ്രണ്ട് മലയിൻകീഴ് സ്വദേശി എൽ. പുഷ്പറാണി (58), വ്യാപാരിയായ കന്യാകുമാരി സ്വദേശി കെ. ഫ്രാൻസിസ് (66), ഏജന്റായി പ്രവർത്തിച്ച പാറശാല സ്വദേശി സതീഷ് കുമാർ (47) എന്നിവരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. സർക്കാരിന് 26 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് വിധി.
ട്രഷറിയിൽ യഥാർഥത്തിൽ അടച്ചതിനേക്കാൾ ഉയർന്ന തുക രേഖപ്പെടുത്തിയ വ്യാജ ചെല്ലാനുകൾ നിർമിച്ചായിരുന്നു തട്ടിപ്പ്. ഒന്നാം പ്രതിയായ പുഷ്പറാണി വ്യാപാരികളുമായും ഏജന്റുമായും ഗൂഢാലോചന നടത്തി നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി വെട്ടിക്കാൻ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു.
അഴിമതിനിരോധന നിയമം, ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് പ്രതികൾക്ക് തടവും പിഴയും വിധിച്ചത്.