ബെയ്ജിംഗ്: ആപ്പിൾ, ഷവോമി തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക ഭീമന്മാരിൽനിന്നുള്ള കടുത്ത വെല്ലുവിളിക്കിടെ ചൈനീസ് പ്രീമിയം ഫോൺ വിപണിയിലെ ഒന്നാം സ്ഥാനം നിലനിർത്താൻ നീക്കങ്ങളുമായി ഹുവായ്.
രണ്ടു മടക്കുകളുള്ള അത്യാധുനിക ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ സ്മാർട്ട്ഫോണായ ‘മേറ്റ് എക്സ്.ടി 2’ ഹുവായ് ടെക്നോളജീസ് വിപണിയിൽ അവതരിപ്പിച്ചു. ഒരു സാധാരണ സ്മാർട്ട്ഫോണിന്റെയും വലിയ ടാബ്ലെറ്റിന്റെയും സവിശേഷതകൾ സമന്വയിപ്പിച്ചാണ് ഈ ഫോൺ രൂപകല്പന ചെയ്തിരിക്കുന്നത്.
ഹുവായുടെ ഏറ്റവും പുതിയ ‘കിരിൻ 9050 പ്രോ’ ചിപ്പാണ് മേറ്റ് എക്സ്.ടി 2ൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രീമിയം ഹാൻഡ്സെറ്റിന്റെ വില വിപണിയിൽ വലിയ ചർച്ചയായിട്ടുണ്ട്. 19,999 യുവാൻ (ഏകദേശം 2.5 ലക്ഷം രൂപ) മുതൽ ആരംഭിക്കുന്ന ഫോണുകളുടെ ഏറ്റവും ഉയർന്ന പതിപ്പിന് 24,999 യുവാനു (ഏകദേശം 3.12 ലക്ഷം രൂപ) മുകളിലാണു വില. ഈമാസം 12 മുതലാണ് വിപണിയിൽ വില്പന ആരംഭിക്കുന്നത്.
മെമ്മറി ഘടകങ്ങളുടെ നിർമാണച്ചെലവ് കുത്തനെ ഉയർന്നതാണ് ഉയർന്ന വിലയ്ക്കു കാരണമെന്ന് ഹുവായ് എക്സിക്യൂട്ടീവ് ഡയറക്ടർ റിചാർഡ് യു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ധാരാളം പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയതിനാൽ ഉത്പാദനച്ചെലവിൽ വലിയ സമ്മർദമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരം കടുപ്പിച്ച് ഷവോമി;ആപ്പിളും സജ്ജം
ഹുവായ് പുതിയ മോഡൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, ആപ്പിളിന് വെല്ലുവിളിയുമായി മറ്റൊരു ചൈനീസ് ബ്രാൻഡായ ഷവോമിയും രംഗത്തെത്തി. തങ്ങളുടെ പുതിയ ‘ഷവോമി 18 ഫോൾഡ്’ കമ്പനി പുറത്തിറക്കി. പാസ്പോർട്ട് മാതൃകയിലുള്ള ഈ ഉപകരണത്തിൽ ഷവോമി സ്വന്തമായി വികസിപ്പിച്ച എക്സ്റിംഗ് 03 പ്രൊസസറും ചൈനീസ് കമ്പനിയായ സിഎക്സ്എംടി നിർമിച്ച മെമ്മറിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സാങ്കേതികവിദ്യകളിലും സപ്ലൈ ചെയിനിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ പുതിയ മോഡലുകൾ. ആപ്പിളിന്റെ പുതിയ ഐഫോൺ സീരീസ് പ്രഖ്യാപനം നാളെ നടക്കാനിരിക്കേയാണ് എതിരാളികളുടെ ഈ മിന്നൽ നീക്കം. ആപ്പിളും ഇത്തവണ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സാങ്കേതിക ലോകം.