കൊച്ചി: നെടുമ്പാശേരി മിനികൂപ്പര്‍ കാര്‍ അപകടത്തില്‍ മൂന്നുപേര്‍ മരിക്കാനിടയായ കേസിലെ പ്രതികളായ സുഹൈല്‍ സജീവ്, നിനവ്, ജോയല്‍ എസ്. ആന്റോ, അമീര്‍ എന്നിവരുടെ ജാമ്യഹര്‍ജികളില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പറയും.
രണ്ടാഴ്ചയായി റിമാന്‍ഡിലാണെന്നും ചോദ്യംചെയ്യലും തെളിവെടുപ്പും കഴിഞ്ഞ സാഹചര്യത്തില്‍ 19 വയസുകാരായ തങ്ങള്‍ക്കു ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നല്കിയ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്.
അതിനിടെ ഒന്നാം പ്രതി സുഹൈല്‍ സജീവ് മദ്യലഹരിയില്‍ അമിത വേഗത്തിയിലായിരുന്നു കാര്‍ ഓടിച്ചതെന്ന യാത്രയില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതി ജോയലിന്റെ ശബ്ദസന്ദേശം ജാമ്യഹര്‍ജിയിലെ വാദത്തിനിടെ പ്രോസിക്യൂഷനും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകനും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അപകടശേഷം ജോയല്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തിലാണ് സുഹൈലിന് കുരുക്കാകുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. നിനവാണ് തന്നോടും അമീറിനോടും രക്ഷപ്പെടാന്‍ പറഞ്ഞതെന്നും അപകടവും മരണവും കണ്ടതിന്റെ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. സുഹൈല്‍ സജീവിന്റെ രക്ത, മൂത്ര പരിശോധനാഫലത്തില്‍ മദ്യത്തിന്റെ അളവ് സ്ഥിരീകരിച്ചിട്ടുള്ളതായി പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി.