ജീപ്പിൽ നിന്ന് റോഡിലേക്ക് പരന്നൊഴുകിയ ഓയിൽ ഫയർ ഫോഴ്സ് കഴുകിക്കളയുന്നു.
കോഴിക്കോട്: ദിനം പ്രതി ഗതാഗതക്കുരുക്കില്‍പെട്ട് പന്തീരാങ്കാവ്, മാത്തറ, കുന്നത്ത്പാലം, ഇരിങ്ങല്ലൂർ നിവാസികള്‍. കാൽനട യാത്രക്കാർക്ക് പോലും യാത്രചെയ്യാനാകാത്ത വിധമുള്ള ഗതാഗതക്കുരുക്ക് ഇവിടെ നിത്യ സംഭവമാണ്.
മണക്കടവ്, പെരുമണ്ണ ഭാഗങ്ങളിൽ നിന്നും പന്തീരാങ്കാവിൽ നിന്നുമായി കോഴിക്കോട് സിറ്റി ഭാഗത്തേക്ക് നാൽപതോളം ബസുകളാണ് സർവീസ് നടത്തുന്നത്.രാമനാട്ടുകര ഭാഗത്തുനിന്നും പന്തീരാങ്കാവ് വഴി മെഡിക്കൽ കോളജ് ഭാഗത്തേക്ക് 29 ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയിൽ മിക്ക ബസുകൾക്കും ഗതാഗത കുരുക്ക് മൂലം സമയക്രമം പാലിക്കാനാകാത്ത സാഹചര്യമാണ്. ഫറോക്ക്, അരീക്കാട് ഭാഗത്തുനിന്നും കുന്നത്തുപാലം- ഇരിങ്ങല്ലൂർ വഴി മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തുന്ന ബസുകളുമുണ്ട്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് മൂലം ബസുകൾ മിക്കപ്പോഴും ട്രിപ്പ് പകുതി വഴിയിൽ അവസാനിപ്പിക്കുകയാണ്. മെട്രോ ആശുപത്രിക്ക് സമീപം സർവീസ് റോഡ് ഇല്ലാത്തതും പ്രതിസന്ധിയാണ്. രാവിലെയും വൈകിട്ടും സ്കൂൾ ബസുകളും ജോലിക്കാരും കടന്നപോകുന്നതിനാൽ തിരക്ക് കൂടുകയാണ്.ദേശീയപാതയില്‍ ടോൾ പിരിവ് ആരംഭിച്ചതോടെ പന്തീരാങ്കാവിലെയും സമീപപ്രദേശങ്ങളിലെയും ഇടറോഡുകളിൽ വാഹനത്തിരക്ക് കൂടിയിട്ടുണ്ട്.
കാറുകളടക്കം യാത്രാവാഹനങ്ങൾക്കൊപ്പം ചരക്കുവണ്ടികളും ഇടവഴികളിലൂടെ പോകുന്നുണ്ട്. പന്തീരാങ്കാവ്, ഒളവണ്ണ ഭാഗത്തുനിന്ന് കോഴിക്കോട് സിറ്റി, കോഴിക്കോട് മെഡിക്കൽകോളജ് ഭാഗത്തേക്കും കോഴിക്കോട് സിറ്റിയിൽ നിന്നും തിരിച്ചുമുള്ള യാത്രക്കാരും, ടോൾ വെട്ടിച്ചു വരുന്നവരുമെല്ലാം മാത്തറ ജംഗഷ്ന്,ഒളവണ്ണ ജംഗഷ്ന് എന്നിവിടങ്ങളിൽ വന്ന് മുട്ടുന്നതോടെ എല്ലാ വശത്തേക്കുമുള്ള ഗതാഗതം സ്തംഭിക്കും.
പന്തീരാങ്കാവ് റോഡ് 18 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിരുന്നു.
മാത്തറ-പാലാഴി-കുറ്റിക്കാട്ടൂർ റോഡ് വീതികൂട്ടി വികസിപ്പിക്കാൻ കിഫ്ബി ഫണ്ടിൽ നിന്ന് 25 കോടി വകയിരുത്തുകയും ചെയ്തിരുന്നു.എന്നാലിപ്പോൾ എല്ലാം നിലച്ച മട്ടാണ്.
അതേസമയം ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇന്നലെ നിശാസമരം നടത്തി. ദേശീയപാതയിലൂടെ പോകേണ്ട വാഹനങ്ങൾ അതുവഴി പോകുന്നുവെന്ന് അധികൃതർ ഉറപ്പാക്കണമെന്നും എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച റോഡ് വികസനം അടിയന്തമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.