കാട്ടിക്കുളത്തിന് സമീപം കാട്ടാന നെല്‍കൃഷി നശിപ്പിച്ച നിലയില്‍.
കാട്ടിക്കുളം: ടൗണ്‍ പരിസരത്തെ കൃഷിയിടങ്ങളില്‍ കാട്ടാന വിളകള്‍ നശിപ്പിക്കുന്നത് തുടര്‍ക്കഥയായി.
വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്നാണ് ആനകള്‍ ജനവാസകേന്ദ്രത്തിലെത്തുന്നത്. കഴിഞ്ഞദിവസം രാത്രി കണികുടി പങ്കജം, മണികണ്ഠന് എന്നിവരുടെ നെല്ല്, കാപ്പി, വാഴ കൃഷികള്‍ ആന നശിപ്പിച്ചു.
രണ്ടാഴ്ചമുമ്പ് താണിക്കുഴി സത്യവ്രതന്, നസീമ മന്‍സില്‍ റുഖിയ, അഷറഫ് എന്നിവരുടെ തോട്ടങ്ങളില്‍ ആന കൃഷിനാശം വരുത്തിയിരുന്നു. ടോര്‍ച്ചിന്റെ വെളിച്ചം കണ്ടാല്‍ മറഞ്ഞുനില്ക്കുകയും ആള് അടുത്തെത്തിയാല്‍ ആക്രമിക്കുന്നതിന് ഓടിയടുക്കുകയും ചെയ്യുന്നതാണ് ആനയുടെ സ്വഭാവമെന്ന് കര്‍ഷകര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ചേലൂര്‍ മണ്ണുണ്ടിയില്‍ തുരത്താനെത്തിയ വനസേനാംഗങ്ങള്ക്കു നേരേ ആന പാഞ്ഞടുത്തിരുന്നു. ഇതേ ആനയാണ് കാട്ടിക്കുളത്ത് ഇറങ്ങുന്നതെന്നാണ് കൃഷിക്കാര്‍ പറയുന്നു. ആനയെ മയക്കുവെടിവച്ച് പിടിച്ച് കുംകിയാനയാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.