വാഴക്കുളം: പെരുമഴയിൽ കുടചൂടി കോൺക്രീറ്റിംഗ്. തൊടുപുഴ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മടക്കത്താനം അച്ചൻ കവലയിലാണ് വെള്ളത്തിൽ കോൺക്രീറ്റിംഗ് നടത്തിയത്. പാതയോരത്തുള്ള ഭാഗം കോൺക്രീറ്റിംഗ് നടത്തി വഴി സൗകര്യപ്പെടുത്തുന്ന പദ്ധതിയാണിത്.
കനത്ത മഴ തുടരുന്നതിനിടെ ഇന്നലെയാണ് വഴിയോരം സജ്ജമാക്കി മഴക്കോട്ടു ധരിച്ച പത്തിലേറെ ജോലിക്കാർ ചേർന്ന് കോൺക്രീറ്റിംഗ് നടത്തിയത്. കോൺക്രീറ്റിംഗിലെ സിമന്റ് ഒലിച്ചു പോയതായും വഴിയിൽ യാതൊരു പ്രയോജനവുമില്ലെന്നും മെറ്റൽ നിറഞ്ഞ് കാൽനട ദുരിതമാകുമെന്നും പ്രദേശവാസികൾ ആരോപിച്ചു.
രാവിലെ മുതൽ പെയ്ത മഴയ്ക്കൊപ്പം കോൺക്രീറ്റിംഗ് തകൃതിയായി നടത്തുകയായിരുന്നു. പ്രദേശവാസികളും വഴിയാത്രക്കാരും ഫോട്ടോയും വീഡിയോയും പകർത്തുന്നതു കണ്ട് ഉച്ചയോടെ കോൺക്രീറ്റിംഗ് അവസാനിപ്പിച്ച് ജോലിക്കാർ സ്ഥലം വിടുകയായിരുന്നു.