വോട്ടെടുപ്പിലേക്ക് ഇനി പന്ത്രണ്ടു നാൾ മാത്രം. വേനൽച്ചൂടിനെയും വെല്ലുന്ന ചൂടിലെത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയം. ആരോപണ-പ്രത്യാരോപണങ്ങളുടെ പെരുമഴയാണ് ഇത്തവണത്തെ പ്രത്യേകത.
തുടർച്ചയായ മൂന്നാം സർക്കാർ ഉറപ്പിച്ച മട്ടിൽ പ്രചാരണവുമായി എൽഡിഎഫ് മുന്നോട്ടു പോകുമ്പോൾ ഭരണം പിടിക്കുമെന്ന കാര്യത്തിൽ യുഡിഎഫ് ഒരു സംശയവും പ്രകടിപ്പിക്കുന്നില്ല. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അത്തരം അവകാശവാദങ്ങളില്ലെങ്കിലും തെരഞ്ഞെടുപ്പിനുശേഷം നിയമസഭയിൽ പ്രാതിനിധ്യമുള്ള നിർണായക ശക്തിയായി മാറാൻ കഴിയുമെന്ന പ്രതീക്ഷയാണ് അവർക്ക്.
ഡീൽ ആരോപണം
സിപിഎം-ബിജെപി ഡീൽ എന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയതോടെ പ്രചാരണ രംഗത്ത് ഡീലുകളുടെ കുത്തൊഴുക്കു തന്നെയായി. കോണ്ഗ്രസ്- ബിജെപി ഡീൽ എന്ന് ഇടതുപക്ഷം ആരോപിച്ചപ്പോൾ സിപിഎം- കോണ്ഗ്രസ് ഡീൽ എന്നായി ബിജെപി. കോണ്ഗ്രസിന്റെ ജമാ അത്തെ ബന്ധത്തെ രാഷ്ട്രീയ വിഷയമായി സിപിഎം ഉയർത്തിക്കാട്ടുമ്പോൾ എസ്ഡിപിഐ- സിപിഎം ബന്ധമെന്ന ആക്ഷേപവും അന്തരീക്ഷത്തിൽ ഉയർന്നു കഴിഞ്ഞു. മുസ്ലിംലീഗ് ജമാ അത്തെ ഇസ്ലാമിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഡോ.എം.കെ. മുനീറിനു സ്ഥാനാർഥിത്വം നിഷേധിച്ചതെന്നു സിപിഎം നേതാവ് എളമരം കരീം ആരോപിക്കുമ്പോൾ വേങ്ങര സീറ്റ് കെ.എം. ഷാജിക്കു കൊടുത്ത് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്കു മാറിയതിനു പിന്നിൽ ജമാ അത്തെ ഇസ്ലാ മിയുടെ കരങ്ങളുണ്ടെന്നു സിപിഎം നേതാവ് എ.കെ. ബാലൻ ആരോപിച്ചു. ലീഗ് നേതൃത്വമാകട്ടെ ഇതെല്ലാം അപ്പാടെ നിഷേധിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഡീൽ ആരോപണം സിപിഎമ്മിനും ബിജെപിക്കും തലവേദന സൃഷ്ടിച്ചു. പാലക്കാട് പോലെയുള്ള മണ്ഡലങ്ങൾ ഉദാഹരണങ്ങളായി ഉയർത്തിക്കാട്ടിയാണ് സതീശൻ ഡീൽ ആരോപണം തുടർച്ചയായി ഉന്നയിച്ചുവരുന്നത്. എൻഡിഎയിൽ ബിജെപിക്കു സ്വാധീനമുള്ള പല മണ്ഡലങ്ങളും ട്വന്റി ട്വന്റിക്കു നൽകിയതും ആക്ഷേപവിധേയമായി. കുന്നത്തുനാട്ടിലും ചുറ്റുവട്ടത്തുള്ള ഏതാനും പഞ്ചായത്തുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ട്വന്റി ട്വന്റിക്ക് ഏറ്റുമാനൂർ പോലെയുള്ള സീറ്റുകൾ നൽകിയതിന്റെ പിന്നിൽ ഡീൽ ഉണ്ടെന്നാണ് ആരോപണം. ഡീൽ ആരോപണം ചർച്ചയാക്കി മാറ്റുന്നതിൽ സതീശൻ വിജയിച്ചു.
മനഃശാസ്ത്രപരമായ മുൻതൂക്കം നേടാൻ
തെരഞ്ഞെടുപ്പുകളിൽ മനഃശാസ്ത്രപരമായ മുൻതൂക്കം നേടുന്നതിന്റെ പ്രാധാന്യം നേതാക്കൾക്ക് അറിയാം. വോട്ടർമാരുടെ മനസിലേക്ക് ഒരു ധാരണ ഉറപ്പിച്ചു വിടുന്നവർക്കു മുൻതൂക്കം നേടാനാകും.
ലോക്സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും വിജയിച്ച യുഡിഎഫിന് ആയിരുന്നു മാനസിക മുൻതൂക്കം. തദ്ദേശ തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷം, നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എന്നൊരു സംസാരം രൂപപ്പെടുത്തുന്നതിൽ അവർ വിജയിച്ചു.
എന്നാൽ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഉദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളും ആശ്വാസനടപടികളും വലിയ തോതിൽ നടത്തി തങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നു ബോധ്യപ്പെടുത്താൻ ഇടതുമുന്നണിക്കു സാധിച്ചു. അതിനു പുറമേ കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പരസ്യപ്രളയത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അവർ നടത്തിയ ശ്രമവും അവഗണിക്കാൻ സാധിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാൻ സാധിച്ചത് കുറഞ്ഞപക്ഷം തിരുവനന്തപുരത്തെ എങ്കിലും ബിജെപിക്കാരിൽ സൃഷ്ടിച്ച മാനസിക മുൻതൂക്കം ചെറുതല്ല.
വിജയപ്രതീക്ഷകൾ
നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫിനെ അധികാരത്തിലേക്കു തിരിച്ചുകൊണ്ടുവരുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടു നാളുകളായി. ഇപ്പോഴും അദ്ദേഹം അതുതന്നെ പറയുന്നു. അതിനു സാധിച്ചില്ലെങ്കിൽ രാഷ്ട്രീയവനവാസത്തിനു പോകുമെന്നുവരെ സതീശൻ പ്രഖ്യാപിച്ചു. അതാണ് അദ്ദേഹത്തിന്റെ ആത്മവിശാസത്തിന്റെ തലം.
യുഡിഎഫിനു മറുപടിയായി എൽഡിഎഫ് പറയുന്നത് 110 സീറ്റ് ആണ്. അൽപം കടന്ന അവകാശവാദമാണെങ്കിലും അണികളുടെ ആത്മവിശ്വാസം പിടിച്ചുനിർത്താൻ ഇതൊക്കെ വേണമെന്ന് അവർക്കറിയാം. ബിജെപി ആഗ്രഹിക്കുന്നത് ഏതാനും സീറ്റുകളാണ്. അതിനുള്ള സാഹചര്യം ഉണ്ടെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥകൂടി വന്നാൽ അവർക്ക് അതൊരു സുവർണാവസരമാകും.