National
തൃശൂർ: ജനിച്ചതും പഠിച്ചതും വളർന്നതും ബംഗളൂരുവെന്ന സ്വപ്ന നഗരത്തിലാണെങ്കിലും ബിസിനസ് സാമ്രാജ്യത്തിന്റെ ശാഖയിൽ താൻ വേരൂന്നിയ തൃശൂരിനെയും ചേർത്തുനിർത്തി സി.ജെ. റോയ്. പത്തോളം പടുകൂറ്റൻ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്റുകളാണു തൃശൂരിൽ സി.ജെ. റോയ് നേതൃത്വം കൊടുക്കുന്ന കോൺഫിഡന്റ് ഗ്രൂപ്പ് കെട്ടിപ്പൊക്കിയത്.
അമ്മയ്ക്കൊപ്പം
ചാവക്കാട് താലൂക്കിലെ പാലുവായിൽ ചിരിയങ്കണ്ടത്ത് ജോസഫിന്റെയും ത്രേസ്യയുടെയും മകനാണു പിൽക്കാലത്ത് സി.ജെ. റോയ് എന്ന ലോകമറിയുന്ന ബിൽഡറായി വളർന്നത്. രാജ്യത്തിനകത്തും പുറത്തുമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ സി.ജെ. റോയ് അമ്മയിൽനിന്നാണു ബിസിനസിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ചെറിയ പ്ലോട്ടുകൾ വാങ്ങി അവിടെ വീടുകൾ നിർമിച്ചു വിൽപന നടത്തുന്നതായിരുന്നു അമ്മയുടെ ബിസിനസ്. അമ്മയ്ക്കൊപ്പം ചേർന്നു ബിസിനസിലെ ലാഭസാധ്യതകൾ റോയ് മനസിലാക്കി. പിന്നീട് കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണു കോടീശ്വരന്മാരുടെ പട്ടികയിൽ സി.ജെ. റോയ് ഇടംപിടിച്ചത്.
പത്തോളം കൂറ്റൻ അപ്പാർട്ട്മെന്റുകൾ
ദൈവത്തിന്റെ സ്വന്തം നാടെന്നു കേരളത്തെ വിശേഷിപ്പിക്കുന്പോൾ, ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന പറുദീസയുടെ സ്പന്ദിക്കുന്ന കേന്ദ്രമെന്നു പുകഴ്ത്തിയാണു കോൺഫിഡന്റ് ഗ്രൂപ്പ് തൃശൂരിലേക്കു താമസക്കാരെ ആകർഷിച്ചത്. ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും വൈവിധ്യമാർന്ന ഗതാഗത ബദലുകളുമുള്ളതിനാൽ കേരളത്തിൽ താമസിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ സ്ഥലമാണു തൃശൂരെന്നും വിശേഷിപ്പിച്ചു.
ചേലക്കോട്ടുകരയിൽ കോൺഫിഡന്റ് ആസ്റ്റർ, ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ കോൺഫിഡന്റ് എലൈറ്റ്, കോൺഫിഡന്റ് ഒറിയോൺ, കോൺഫിഡന്റ് മാപ്പിൾ, പടിഞ്ഞാറെ കോട്ടയിൽ കോൺഫിഡന്റ് ജെമിനി-2, പറവട്ടാനിയിൽ കോൺഫിഡന്റ് വേഗ3, ഒല്ലൂർ ജംഗ്ഷനിൽ കോൺഫിഡന്റ് ബ്ലിസ്, ബ്ലിസ്2, രാമവർമപുരത്ത് കോൺഫിഡന്റ് എബൊനി, അരണാട്ടുകരയിൽ ലോട്ടസ് തുടങ്ങിയവയാണു കോൺഫിഡന്റ് ഗൂപ്പിന്റെ തൃശൂരിലെ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്റുകൾ. ഇതിൽ ആറ് അപ്പാർട്ട്മെന്റുകൾ വർഷങ്ങൾക്കുമുന്പേ വില്പന പൂർത്തീകരിച്ചവയാണ്. നിലവിൽ ഒല്ലൂരിലും അരണാട്ടുകരയിലും രാമവർമപുരത്തുമുള്ള അപ്പാർട്ട്മെന്റുകളാണു വില്പനയ്ക്കുള്ളത്.
ഏഴു പേർ ചേർന്നു തുടക്കം
2005ൽ ഏഴുപേർ ചേർന്ന് നൂറുകോടി രൂപയുടെ പ്രാരംഭ നിക്ഷേപമായാണു കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിക്കുന്നത്. ദുബായ് ആസ്ഥാനമായി തുടങ്ങിയ കമ്പനി പിന്നീട് കർണാടകത്തിലും കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഒട്ടേറെ റിയൽ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങൾക്കു തുടക്കം കുറിച്ചു. ഹോസ്പിറ്റാലിറ്റി, എന്റർടെയ്ൻമെന്റ് മേഖലയിലേക്കും വളർന്നു. ഏവിയേഷന്‍, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സജീവസാന്നിധ്യമായിരുന്നു റോയ്. സീറോ ഡെബിറ്റായിരുന്നു നയം.
കൂടുതൽ കൊച്ചിയിൽ
കേരളത്തിൽ സി.ജെ. റോയ്യുടെ നേതൃത്വത്തിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന് ഏറ്റവും കൂടുതൽ പ്രോജക്ടുകളുള്ളത് കൊച്ചിയിലാണ്, 29. തൃശൂരിൽ പത്തും തിരുവനന്തപുരം- 25, ദുബായ്- അഞ്ച്, കോഴിക്കോട്- എട്ട്, കോട്ടയത്തു നാലും പ്രോജക്ടുകളുണ്ട്. 20 വർഷത്തെ വളർച്ചയിൽ മൊത്തം 210ലധികം പ്രോജക്ടുകളിലായി 23,100ലധികം ഗുണഭോക്താക്കളുള്ളതായി കോൺഫിഡന്റ് ഗ്രൂപ്പ് അവകാശപ്പെടുന്നു.
National
കൊച്ചി: ബംഗളൂരുവിലെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടെ വ്യവസായി സി.ജെ. റോയ് സ്വന്തം തോക്കില്‍നിന്നു വെടിയുതിര്‍ത്തു മരിച്ചതിൽ രൂക്ഷവിമർശനമേറ്റ് ആദായനികുതിവകുപ്പ് കൊച്ചി യൂണിറ്റ്. കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും ചോദ്യം ചെയ്യലുമെല്ലാം.
മരണവിവരം പുറത്തുവന്നതിനു പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ജെ. റോയ്യുടെ സഹോദരനും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡ്വൈസറും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം, തങ്ങൾക്കു മരണത്തിൽ പങ്കില്ലെന്നും സമ്മർദം ചെലുത്തിയില്ലെന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ വാദം.
ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദില്‍നിന്നു സി.ജെ. റോയ് വലിയ സമ്മര്‍ദം നേരിട്ടിരുന്നു എന്നാണ് സഹോദരന് സി.ജെ. ബാബുവിന്റെ ആരോപണം. കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍നിന്നെത്തിയ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബംഗളൂരു അശോക് നഗറിലെ ലാങ്ഫോര്‍ഡ് ടൗണിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ റെയ്ഡ് നടത്തുകയാണ്. മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് എന്നു തന്നെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിൻഫറെ ലീഗല്‍ അഡൈ്വസര്‍ പ്രകാശിന്റെയും ആരോപണം. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
ശിവകുമാറും രംഗത്ത്
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലവില്‍ ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദത്തിന് ഇരയാണ് സി.ജെ റോയ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്റെ ഇരയാണ് അദ്ദേഹം. കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഉദ്യോഗസ്ഥ വീഴ്ചയോ?
ഇതിനിടെ, ഒരു സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ പരിശോധന നടക്കുമ്പോള്‍ സി.ജെ റോയ് വെടിയുതിര്‍ത്ത് മരിച്ചത് മറ്റ് പല ചര്‍ച്ചകളിലേക്കും നീങ്ങുകയാണ്. മൂന്നു ദിവസമായി റോയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയാണ്. കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചിരുന്നു. രേഖകള്‍ എടുക്കാനായി മുകള്‍ നിലയിലേക്ക് പോയ റോയ് നെഞ്ചില്‍ വെടിയുതിര്‍ത്താണ് ജീവനനൊടുക്കിയത്. ഒരു റെയ്ഡ് നടക്കുമ്പോള്‍ ആ ഓഫീസിന്റെ മുതലാളിയും തൊഴിലാളികളും ഓഫീസ് കെട്ടിടവും പൂര്‍ണമായും അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നതാണ് രീതി.
ഉത്തരവാദിത്വം ഏജൻസിക്ക്
റെയ്ഡിനിടെ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുക എന്നതു ഗുരുതരമായ സുരക്ഷവീഴ്ചയാണ്. പ്രതി ആയാലും അല്ലെങ്കിലും ഒരാള്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമ്പോള്‍ അയാളുടെ പൂര്‍ണ ഉത്തരവാദിത്വവും ആ അന്വേഷണ ഏജന്‍സിക്കാണ്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓരോ ഓഫീസുകളിലും ആദായനികുതി വകുപ്പ് നിരന്തരമായി റെയ്ഡ് നടത്തിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനിടെ ഉണ്ടായ സമ്മര്‍ദങ്ങളും മാനസിക പീഡനങ്ങളെയും മൂലമാണ് സി.ജെ റോയ് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ കാരണമായതെങ്കില്‍ അതു മനുഷ്യാവകാശ ലംഘനമാണെന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യക്തികളെ തളർത്തുന്ന രീതിയിലുള്ള തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലുകളും ഭീഷണിപ്പെടുത്തലുകളും സമ്മര്‍ദങ്ങളും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുമെന്നും പറയുന്നു. അതുകൊണ്ട് ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ സി.ജെ. ബാബു.
ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നു. മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നു.
മരണദിവസം രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നു. നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു. ഇന്ന് ഏഴിന് കാണാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല. കുടുംബത്തെ കണ്ട ശേഷം നിയമനപടികൾ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കും– സി.ജെ.ബാബു പറഞ്ഞു.
അതേസമയം, ഓഫിസിൽ റോയിയെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു.
Movies
ബിസിനസുകാരനും സുഹൃത്തുമായ സി.ജെ. റോയ്യുടെ വിയോഗത്തിന്റെ ഞെട്ടലിൽ മോഹൻലാൽ. തന്റെ ഏറ്റവും പ്രിയ സുഹൃത്തിനെയാണ് നഷ്ടമായതെന്നും വളരെയധികം വേദനാജനകമായ കാര്യമാണ് സംഭവിച്ചതെന്നും മോഹൻലാൽ പറയുന്നു.
''എന്റെ പ്രിയ സുഹൃത്ത് സി.ജെ. റോയ്യുടെ വിയോഗം വളരെയധികം വേദനാജനകമാണ്. വലിയ ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും''. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.
വെള്ളിയാഴ്ച വൈകുന്നേരമാണ് സി.ജെ. റോയ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ബംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളില്‍ ആയിരുന്നു സംഭവം.
തൃശൂർ ഗുരുവായൂർ സ്വദേശിയായ റോയ്യുടെ കോൺഫിഡന്റ് ഗ്രൂപ്പ് നിർമിച്ച ആദ്യ മലയാള ചിത്രം മോഹൻലാൽ നായകനായ കാസനോവ ആയിരുന്നു. 2012ലെ റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്ത ഈ സിനിമ പുറത്തിറങ്ങിയിട്ട് കൃത്യം 14 വർഷം തികയുമ്പോഴാണ് റോയ് ജീവനൊടുക്കിയത്.
മലയാളത്തിലും കന്നഡയിലും 11 ചിത്രങ്ങൾ കൂടി നിർമിച്ചു. ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച മരക്കാർ എന്ന ചിത്രത്തിന്റെ സഹനിർമാതാക്കളായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ്. മേം ഹൂ മൂസ എന്ന സുരേഷ് ഗോപി ചിത്രത്തിലും നിർമാണ പങ്കാളിയായി.
ഏറ്റവുമൊടുവിൽ നിർമാണം പൂർത്തിയായ ചിത്രം അനോമി ആണ്. സിനിമ അടുത്ത മാസം റിലീസിനൊരുങ്ങുന്നതിനിടെയാണ് ദാരുണാന്ത്യം.
Movies
ബിസിനസുമാനും സിനിമാ നിർമാതാവുമായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്യെ അനുസ്മരിച്ച് നടി സീമ ജി. നായർ. ‘‘എന്താണെന്നറിയില്ല, എന്തിനാണെന്നറിയില്ല.. എന്ത് എഴുതണമെന്നും അറിയില്ല..ആദരാഞ്ജലികൾ എന്നല്ലാതെ ഒന്നും പറയാനില്ല.’’സീമ കുറിച്ചു.
ഗുരുവായൂർ സ്വദേശിയായ റോയ്യുടെ കോൺഫിഡന്റ് ഗ്രൂപ്പ് നിർമിച്ച ആദ്യ മലയാള ചിത്രം മോഹൻലാൽ നായകനായ കാസനോവ ആയിരുന്നു. 2012ലെ റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്ത ഈ സിനിമ പുറത്തിറങ്ങിയിട്ട് കൃത്യം 14 വർഷം തികയുമ്പോഴാണ് റോയ് ജീവനൊടുക്കിയത്.
മലയാളത്തിലും കന്നഡയിലും 11 ചിത്രങ്ങൾ കൂടി നിർമിച്ചു. ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച മരക്കാർ എന്ന ചിത്രത്തിന്റെ സഹനിർമാതാക്കളായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ്. മേം ഹൂ മൂസ എന്ന സുരേഷ് ഗോപി ചിത്രത്തിലും നിർമാണ പങ്കാളിയായി.
ഏറ്റവുമൊടുവിൽ നിർമാണം പൂർത്തിയായ ചിത്രം അനോമി ആണ്. സിനിമ അടുത്ത മാസം റിലീസിനൊരുങ്ങുന്നതിനിടെയാണ് ദാരുണാന്ത്യം.
National
ബംഗളൂരു: ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ.റോയിയുടെ സംസ്കാരം ശനിയാഴ്ച ബംഗളൂരുവിൽ നടത്തും. ബൗറിംഗ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ പറഞ്ഞു.
അതോസമയം റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരെ ആരോപണവുമായി കോൺഫിഡന്റ് ഗ്രൂപ്പ് രംഗത്തെത്തി. തുടർച്ചയായി മൂന്നുദിവസം റെയ്ഡ് നടത്തി റോയിയെ ആദായനികുതി വകുപ്പ് അധികൃതർ മാനസികമായി തകർത്തിരുന്നുവെന്ന് ലീഗൽ അഡ്വൈസർ പ്രകാശ് പറഞ്ഞു.
കൊച്ചിയിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ ഐടി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഫയൽ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് റൂമിലേക്ക് പോയ അദ്ദേഹം വെടിയുതിർക്കുകയായിരുന്നു.
National
ബംഗളൂരു: വ്യവസായി സി.ജെ. റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി ഉദ്യോഗസ്ഥരെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് ലീഗൽ അഡ്വൈസർ പ്രകാശ് പറഞ്ഞു.
ബംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽവച്ച് ഇന്ന് 3.15ഓടെയാണ് റോയി ജീവനൊടുക്കിയത്. സ്വന്തം തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായി പരിശോധന നടത്തുകയായിരുന്നു. കൊച്ചിയിലുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.
Kerala
ബംഗളൂരു: ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ചയായിരുന്നു സി.ജെ.റോയിയുടേത്. കടമെടുക്കാതെ പ്രോജക്ടുകൾ പൂർത്തിയാക്കുന്ന സീറോ ഡെബ്റ്റ് മോഡൽ വിജയകരമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഈ തന്ത്രമാണ് സാമ്പത്തിക മാന്ദ്യകാലത്ത് തന്നെ പിടിച്ചു നിർത്തിയതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കേരളം, ബംഗളൂരു, ദുബായി എന്നിവിടങ്ങളിൽ നിരവധി പ്രോജക്ടുകൾ പൂർത്തിയാക്കിയ അദ്ദേഹം ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിലൊരാളാണ്. 300 ഏക്കറോളം വരുന്ന ഗോൾഫ് റിസോർട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിന്റെ ബിസിനസ് മികവിന്റെ ഉദാഹരണമാണ്.
12 റോൾസ് റോയ്സ് കാറുകൾ ഉൾപ്പെടെ ലക്ഷ്വറി വാഹനങ്ങളുടെ വൻ ശേഖരം ഇദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യവാഹനമായ മാരുതി 800 പത്ത് ലക്ഷം രൂപയ്ക്ക് വീണ്ടെടുത്തത് വാർത്തകളിൽ ഇടംനേടിയിരുന്നു. 1994ൽ തന്റെ 25-ാം വയസിലാണ് സി.ജെ.റോയ് ckj 3637 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ചുവന്ന മാരുതി 800 ആദ്യമായി വാങ്ങുന്നത്. അന്ന് 1.10 ലക്ഷം രൂപയായിരുന്നു അതിന്റെ വില.
ഏതാനും വർഷങ്ങൾ ഉപയോഗിച്ച ശേഷം അദ്ദേഹം ആ കാർ വിറ്റു. പിന്നീട് പത്തുലക്ഷം രൂപയ്ക്ക് ആ കാർ തിരിച്ചു വാങ്ങിക്കുകയായിരുന്നു. ബിസിനസ് സാമ്രാജ്യം വളർന്നതോടെ ബുഗാട്ടി വെയ്റോൺ, റോൾസ് റോയ്സ്, ലംബോർഗിനി തുടങ്ങി നിരവധി ആഡംബര കാറുകൾ അദ്ദേഹത്തിന്റെ ഗാരേജിലെത്തിയെങ്കിലും പഴയ മാരുതി. വിട്ടുകൊടുക്കാൻ അദ്ദേഹം തയാറായിരുന്നില്ല.
ദുബായിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ വാഹനശേഖരത്തിന്റെ ആകെ മൂല്യം ഏകദേശം 10 മില്യൺ ഡോളറിൽ അധികമാണെന്നാണ് കണക്കാക്കുന്നത്.
Kerala
ബംഗളൂരു: റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനായിരുന്ന കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം ഇന്ത്യൻ വ്യവസായ ലോകത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. വർഷങ്ങളായി കെട്ടിട നിർമാണ രംഗത്തും റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമായിരുന്ന പേരാണ് സി.ജെ.റോയ്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ വ്യവസായങ്ങളിൽ ഭൂരിഭാഗമെങ്കിലും ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും കോൺഫിഡന്റ് ഗ്രൂപ്പ് സജീവമായി രംഗത്തുണ്ടായിരുന്നു. വർഷങ്ങളായി ഫ്ലാറ്റ് നിർമാണ രംഗത്ത് പ്രവർത്തിച്ച് ആളുകളുടെ വിശ്വാസവും കോൺഫിഡന്റ് ഗ്രൂപ്പ് ആർജിച്ചിരുന്നു.
റോയിയുടെ മരണത്തിന്റെ ഞെട്ടലിലാണ് വ്യവസായ ലോകം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇത്തരം രീതികൾക്കെതിരേയും വ്യവസായ ലോകത്ത് അതൃപ്തിയുണ്ട്. എങ്കിലും പരസ്യ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
എറണാകുളം സ്വദേശിയായ റോയിയുടെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം കേരളത്തിലായിരുന്നു. പിന്നീട് സ്വിറ്റ്സർലൻഡിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. എന്റർടെയിൻമെന്റ് മേഖലയിലും സജീവമായിരുന്ന അദ്ദേഹം സിനിമ മേഖലയിലെ പ്രമുഖരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.
നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിൽ കാലങ്ങളായി കേന്ദ്ര ഏജൻസികൾ കയറിയിറങ്ങുന്നുണ്ടായിരുന്നു. ഇന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും കൂടുതൽ രേഖകൾ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. പിന്നാലെയാണ് അദ്ദേഹം സ്വയം നിറയൊഴിച്ച് മരിച്ചത്.
Kerala
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പെന്ന ബ്രാൻഡിനെ മലയാളികൾക്ക് സുപരിചതനാക്കിയ സി.ജെ.റോയിയുടെ വിയോഗം വ്യവസായ ലോകത്ത് വലിയ ഞെട്ടലമുണ്ടാക്കി. സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽനിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും വൈകാതെ രാജിവച്ചു. തുടർന്നാണ് അദ്ദേഹം ബിസിനസിലേക്ക് ഇറങ്ങിയത്.
2006ൽ തുടക്കമിട്ട കോൺഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബംഗളൂരുവിലും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പിലാക്കിയാണ് വളർന്നത്. പിന്നീട് തന്റെ തട്ടകം അദ്ദേഹം ഗൾഫിലേക്കും വ്യാപിപ്പിച്ചു. തുടർന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, സിനിമ, വിദ്യാഭ്യാസം, കായികം തുടങ്ങിയ രംഗങ്ങളിലും അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു.
സിനിമാ നിർമാണത്തിൽ സജീവമായിരുന്ന റോയി ജീവകാരുണ്യപ്രവർത്തനത്തിൽ തൽപരനായിരുന്നു. റോയി റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാൽ താൻ വച്ച് കാൽ പിന്നോട്ട് മാറ്റാൻ അദ്ദേഹം തയാറായില്ല. തന്റെ തനതായ ശൈലിയിൽ മുന്നോട്ടു നീങ്ങിയതോടെ ഗ്രൂപ്പിനെ വിജയപഥത്തിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
സിനിമ നിർമാണം കൂടാതെ ടെലിവിഷൻ രംഗത്തും സി.ജെ. റോയ് സജീവമായിരുന്നു. ബിഗ് ബോസ് കന്നഡ സീസൺ 11 സ്പോൺസർ ചെയ്തത് കോൺഫിഡന്റ് ഗ്രൂപ്പായിരുന്നു. കൂടാതെ സ്റ്റാർ സുവർണയുടെ സ്റ്റാർ സിംഗർ മ്യൂസിക് റിയാലിറ്റി ഷോയും ഇവരാണ് സ്പോൺസർ ചെയ്തിരുന്നത്. മലയാളം ബിഗ് ബോസ് സീസൺ 7 റണ്ണർഅപ്പിന് ഷോ കഴിഞ്ഞതിന് ശേഷം പത്ത് ലക്ഷം രൂപ റോയി സമ്മാനമായി നൽകിയതും ചർച്ചയായിരുന്നു.
തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ബിസിനസ് തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും തന്റെ ഹോബിയായ ആഡംബര കാർ ശേഖരണത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
ഓരോ ആഡംബര കാറിനെയും ഒരു നിക്ഷേപമായി കാണുന്ന അദ്ദേഹത്തിന്റെ രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിസിനസിലെ പരാജയങ്ങളെ ആഘോഷമാക്കാനും അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.
National
ബംഗളൂരു: ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ.റോയി (56) ജീവനൊടുക്കി. ബംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം. കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
ഉടൻ തന്നെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തുകയായിരുന്നു. കൊച്ചിയിലുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ ഐടി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഫയൽ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് റൂമിലേക്ക് പോയ അദ്ദേഹം വെടിയുതിർക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സിനിമ നിർമാതാവ് കൂടിയായ അദ്ദേഹം കൊച്ചി സ്വദേശിയാണ്.
കേരളം, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും ഗൾഫിലുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി.ജെ.റോയ്. ഇഡി ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാർ ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)