ന്യൂഡൽഹി: രാജ്യങ്ങൾ തമ്മിലുള്ള പരസ്പരവിശ്വാസം വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പാർലമെന്റുകൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള. ഡൽഹിയിൽ ആരംഭിച്ച 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും കൂടുതൽ ഉൾക്കൊള്ളുന്നതും സമാധാനപരമായ ലോകം സൃഷ്ടിക്കുന്നതിനും നയതന്ത്ര സഹകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ ജനാധിപത്യ അടിത്തറ സംവാദങ്ങളിലും പരസ്പര ബഹുമാനത്തിലുമാണ്. ആഗോളതലത്തിൽ ഗ്ലോബൽ സൗത്തിന്റെ ശബ്ദം ഉയർത്തുന്നതിൽ ബ്രിക്സ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്നിഹിതനായിരുന്നു. ബ്രിക്സ് രാജ്യങ്ങൾ ലോകജനസംഖ്യയുടെ പകുതിയോളം പ്രതിനിധീകരിക്കുന്നതിനാൽ ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള സഹകരണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട വേദിയാണിതെന്ന് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് അഭിപ്രായപ്പെട്ടു.
സമാധാനം, സമൃദ്ധി, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ടുള്ള രണ്ടു ദിവസത്തെ ഉച്ചകോടി ഇന്നു സമാപിക്കും. 11 ബ്രിക്സ് അംഗ രാജ്യങ്ങളിൽനിന്നും പത്ത് പങ്കാളിത്ത രാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.