നെടുമങ്ങാട് : ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഗഡു ലഭിക്കാത്തതിനെച്ചൊല്ലി വെള്ളനാട് പഞ്ചായത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു. അർഹമായ ഭവനപദ്ധതി ആനുകൂല്യം ലഭിക്കാത്ത 70 വയസുകാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സമരം തുടരുമെന്ന് അറിയിച്ചു.
സമരത്തിന്റെ ഭാഗമായി നേതാക്കൾ പഞ്ചായത്ത് സെക്രട്ടറി ബിന്ദുവിനെ ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ദിവസങ്ങളായി ഓഫീസിലെത്തുന്നില്ലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി സമരക്കാരെ അറിയിച്ചു. എന്നാൽ പ്രശ്നപരിഹാരമുണ്ടാകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിച്ചില്ലെങ്കിൽ തുടർസമരങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലിസ് ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് ഓഫിസിന്റെ ദൈനംദിന പ്രവർത്തനങ്ങളും തടസപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് സി. ജ്യോതിഷ് കുമാർ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വെള്ളനാട് ശ്രീകണ്ഠൻ എന്നിവർ നേതൃത്വം നൽകി.