പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി യുഡിഎഫിൽ തമ്മിലടി. സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു.
മുന്നണി മര്യാദകൾ പാലിക്കാതെ ഏകപക്ഷീയമായി സ്ഥിരം സമിതി അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ ധാരണ പ്രകാരം ബ്ലോക്ക് പഞ്ചായത്തിൽ ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനായിരുന്നുവെന്നും ഇത് മുസ്ലിംലീഗ് നേതൃത്വം ലംഘിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.
കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത്. മുന്നണി മര്യാദകൾ ലംഘിക്കുന്നത് കെട്ടുറപ്പിനെ ബാധിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആനന്ദൻ പറഞ്ഞു. മുസ്ലിംലീഗിലെ പ്രബീന ഹബീബ്,പി. സുബൈർ, ഇഫ്ര മോൾ എന്നിവരാണ് സ്ഥിരം സമിതി അധ്യക്ഷരായി തെരഞ്ഞെടുക്കപ്പെട്ടത്